ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപിക്ക് നാല് വകുപ്പുകളും ജെഡിയുവിന് രണ്ട് വകുപ്പുകളും ലഭിക്കുമെന്ന് വൃത്തങ്ങൾ. രാം മോഹൻ നായിഡു, ഹരീഷ് ബാലയോഗി, ദഗ്ഗുമല്ല പ്രസാദ് എന്നിവരാണ് പ്രധാനമന്ത്രി മോദിയുടെ പുതിയ മന്ത്രിസഭയിൽ ഇടം നേടിയ നാല് ടിഡിപി നേതാക്കളിൽ മൂന്ന് പേർ.
ലാലൻ സിംഗ്, രാം നാഥ് താക്കൂർ എന്നീ രണ്ട് മുതിർന്ന നേതാക്കളായിരിക്കും നിതീഷ് കുമാറിൻ്റെ ജെഡിയുവിൽ നിന്ന് മന്ത്രിസ്ഥാനം ലഭിക്കുന്നവർ. ലാലൻ സിംഗ് ബീഹാറിലെ മുൻഗറിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. രാംനാഥ് ഠാക്കൂർ രാജ്യസഭാ എംപിയാണ്. ഭാരതരത്‌ന ജേതാവ് കർപ്പൂരി ഠാക്കൂറിൻ്റെ മകനാണ് രാംനാഥ് ഠാക്കൂർ.
നാളെ സർക്കാരിൻ്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മന്ത്രിസഭാ അംഗങ്ങളെ തീരുമാനിക്കാൻ ചേർന്ന ദേശീയ ജനാധിപത്യ സഖ്യ (എൻഡിഎ) യോഗത്തിലാണ് തീരുമാനം.
ആന്ധ്രാപ്രദേശിൽ 16 ലോക്‌സഭാ സീറ്റുകൾ നേടിയതിന് പിന്നാലെ നാല് വകുപ്പുകളും പാർലമെൻ്ററി സ്പീക്കർ സ്ഥാനവും ടിഡിപി ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. 12 സീറ്റ് നേടിയ ജെഡിയു രണ്ട് ക്യാബിനറ്റ് പദവിയാണ് ചോദിച്ചിരുന്നത്.