തിരുവനന്തപുരം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കേരളത്തില്‍ നിന്നുള്ള ട്രെയിന്‍ സര്‍വ്വീസുകളില്‍ മാറ്റം. കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വൈകിയോടുന്ന സാഹചര്യം കണക്കിലെടുത്താണ് മാറ്റം. ജൂലൈ 31 ബുധനാഴ്ച്ച രാവിലെ 5.15 ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 20634 തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് എക്‌സ്പ്രസ് രണ്ട് മണിക്കൂര്‍ 15 മിനിറ്റ് വൈകി 7.30 നാണ് പുറപ്പെടുക.
കന്യാകുമാരി-മംഗളൂരു സെന്‍ട്രല്‍ 16650 പരശുറാം എക്‌സ്പ്രസ് ഭാഗികമായി റദ്ദാക്കി. ഇന്ന് പുലര്‍ച്ചെ 3.45 ന് കന്യാകുമാരിയില്‍ നിന്നും പുറപ്പെടേണ്ട ട്രെയിന്‍ കന്യാകുമാരി മുതല്‍ ഷൊര്‍ണ്ണൂര്‍ വരെയുള്ള സര്‍വ്വീസാണ് റദ്ദാക്കിയത്. പതിവ് ഷെഡ്യൂള്‍ പ്രകാരം ഷൊര്‍ണ്ണൂരില്‍ നിന്നും ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു.
കഴിഞ്ഞ ദിവസം, ആലപ്പുഴയിൽ നിന്ന് ചെന്നൈ സെൻട്രൽ വരെ പോകുന്ന എക്സ്പ്രസ് ട്രെയിൻ (22640) വൈകിട്ട് മൂന്ന് മണിക്കായിരുന്നു പുറപ്പെടേണ്ടിയിരുന്നത്. ഇത് ആറ് മണിക്കാണ് പുറപ്പെട്ടത്. തിരുവനന്തപുരം മംഗലാപുരം വന്ദേഭാരത് എക്സ്പ്രസ് വൈകിട്ട് 4.05 നാണ് പുറപ്പെടേണ്ടിയിരുന്നത്. ഇത് ആറ് മണിക്കാണ് പുറപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട വന്ദേഭാരത് എക്സ്പ്രസും വൈകിയിരുന്നു.