തിരുവനന്തപുരം: ബി.ജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ കൂടിക്കാഴ്ച നടത്തിയെന്ന സ്ഥിരീകരണം വിവാദമായിരിക്കെ, ഇപിക്കെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായി വിജയനില്ലെന്ന് രമേശ് ചെന്നിത്തല. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പില്‍ തുടങ്ങിയ സി പി എം – ബി.ജെ.പി ബന്ധം മറനീക്കി ഇപ്പോള്‍ പുറത്ത് വന്നുവെന്നും ചെന്നിത്തല പരിഹസിച്ചു.
മുഖ്യമന്ത്രി അറിയാതെ ഇ.പി ഒരു ചെറുവിരല്‍ അനക്കില്ലെന്നും മുഖ്യമന്ത്രി പിണറായുടെ ട്രബിള്‍ ഷൂട്ടറാണ് ഇ.പിയെന്നും നടപടിയെടുത്താല്‍ ഉണ്ടാകാന്‍ പോകുന്ന പുകില്‍ അറിയാവുന്ന മുഖ്യമന്ത്രിക്ക് പത്തി മടക്കിയിരിക്കാനല്ലാതെ ഒന്നും ചെയ്യാനാവില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇരുവരുടെയും ആഗ്രഹം കോണ്‍ഗ്രസ് മുക്ത ഭാരതമാണ്. അത് വെറും മലര്‍പ്പോടിക്കാരന്റെ സ്വപ്‌നം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.
ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബി.ജെ.പി എന്ന നീചമായ കള്ള പ്രചരണം ഈ തിരഞ്ഞെടുപ്പുകാലത്ത് നടത്തിയ സി.പി.എമ്മിന്റെ യഥാര്‍ത്ഥ മുഖമാണ് ഇപ്പോള്‍ വെളിച്ചത്ത് വന്നിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.