തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നും ഇപി ജയരാജനെ നീക്കിയതില്‍ പ്രതികരണമായി, സി.പി.എം-ലെ കൊട്ടാര വിപ്ലവത്തില്‍ ഇ.പി.ജയരാജന്‍ വധിക്കപ്പെട്ടുവെന്ന് ചെറിയാന്‍ ഫിലിപ്പ്. എം.വി.രാഘവനും കെ. ആര്‍ ഗൗരിയമ്മയ്ക്കും ശേഷം സി.പി.എം പുകച്ചു പുറത്താക്കുന്ന ഉന്നതനാണ് ഇ.പി.ജയരാജനെന്നും അദ്ദേഹം പറഞ്ഞു.
ഡി.വൈ.എഫ്.ഐ യുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റായ ഇ.പി.ജയരാജന്‍ കേരളത്തില്‍ പിണറായി വിജയന്‍ കഴിഞ്ഞാല്‍ സി.പി.എമ്മിലെ ഏറ്റവും സീനിയറായ നേതാവാണെന്നും പ്രതിയോഗികളുടെ വധശ്രമത്തില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെടുകയും ചികിത്സ തുടരുകയും ചെയ്യുന്ന ഇ.പി.യെ ഇപ്പോള്‍ സ്വന്തം പാര്‍ട്ടി തന്നെയാണ് വധിച്ചിരിക്കുന്നതെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
തന്നേക്കാള്‍ ജൂനിയറായ കോടിയേരി ബാലകൃഷ്ണന്‍, എ.വിജയരാഘവന്‍ ,എം.വി.ഗോവിന്ദന്‍ എന്നിവരെ പാര്‍ട്ടി സെക്രട്ടറിയാക്കിയപ്പോള്‍ മുതല്‍ പ്രണിത ഹൃദയനായിരുന്ന ഇ.പി.ജയരാജന്റെ ഹൃദയത്തിലാണ് പാര്‍ട്ടി ഇപ്പോള്‍ കത്തിയിറക്കിയിരിക്കുന്നത്. തന്നെക്കാള്‍ പാരമ്പര്യമോ ത്യാഗമോ ഇല്ലാത്ത എം.എ ബേബി, എ.വിജയരാഘവന്‍ , എം.വി.ഗോവിന്ദന്‍ എന്നിവരെ പോളിറ്റ്ബ്യൂറോ അംഗമാക്കിയപ്പോഴും ഇ.പി ജയരാജന്‍ തഴയപ്പെടുകയാണുണ്ടായതെന്നും ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി.