കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് നാളെ കോഴിക്കോട് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്. നാളെ രാവിലെ 6 മുതല്‍ വൈകിട്ട് ആറു വരെയാണ് ജില്ലയില്‍ ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഒഴിവാക്കും.
ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യത്തിന് എതിരെ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ വ്യക്തമാക്കി. ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലം തങ്ങള്‍ക്ക് അനുകൂലമാണെങ്കിലും അല്ലെങ്കിലും റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍പെങ്ങുമില്ലാത്ത വിധം ഉള്ള അക്രമമാണ് ബാങ്ക് തെരഞ്ഞെടുപ്പുമായി ഉണ്ടായതെന്ന് രാഘവന്‍ എം.പിയും പറഞ്ഞു. ആയിരത്തോളം പേര്‍ക്ക് വോട്ട് ചെയ്യാനാവാതെ മടങ്ങിയെന്ന് അദ്ദേഹം ആരോപിച്ചു.
ഇന്നു നടന്ന ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയായിരുന്നു സംഘര്‍ഷം. ആക്രമണത്തിനു പിന്നില്‍ സിപിഎം പിന്തുണയുള്ള ബാങ്ക് സംരക്ഷണ സമിതിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
വോട്ടര്‍മാരെ എത്തിക്കുന്ന വാഹനങ്ങള്‍ക്കുനേരെ കല്ലേറ് ഉള്‍പ്പെടെ ഉണ്ടായി. പറയഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണു വോട്ടെടുപ്പ് നടന്നത്. സംഘര്‍ഷസാധ്യത കണക്കിലെടുത്തു കനത്ത പൊലീസ് സുരക്ഷയിലായിരുന്നു വോട്ടെടുപ്പ്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലും സിപിഎം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലായിരുന്നു മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണു വിമതര്‍ മത്സരിക്കുന്നത്.