ചിക്കാഗോ: ഈ വർഷം അമേരിക്കയിലുടനീളം തോക്ക് അക്രമം കുറഞ്ഞുവെങ്കിലും ചിക്കാഗോയിൽ സ്വാതന്ത്ര്യദിനത്തോടയുബന്ധിച്ച വാരാന്ത്യത്തിൽ 109 പേർക്ക് വെടിയേറ്റതായും ഇതിൽ 19 പേർ കൊല്ലപ്പെട്ടതായും പോലീസ് തിങ്കളാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൊല്ലപ്പെട്ടവരെല്ലാം 16 മുതൽ 36 വയസ്സ് വരെ പ്രായമുള്ള ആൺകുട്ടികളും പുരുഷന്മാരുമാണെന്ന് പോലീസ് രേഖകൾ പറയുന്നു. അതേസമയം, നഗരത്തിലും രാജ്യത്തും സമീപ വർഷങ്ങളിൽ തോക്ക് അക്രമത്തിൽ ഏറ്റവും കുറവുണ്ടായത് ഇത്തവണയാണെന്നും പൊലീസ് പറഞ്ഞു.
ചിക്കാഗോയിൽ ഈ വർഷം ജൂൺ 24 വരെ 1,105 ഷൂട്ടിംഗ് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞവർഷത്തെക്കാൾ 6% വും കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ സംഭവങ്ങളിൽ 12% കുറവുമാണ് ഈ വർഷം രേഖപ്പെടുത്തിയത്. ഷിക്കാഗോ പോലീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ കണക്കുകൾ പ്രകാരം ജൂൺ 24 വരെ നഗരത്തിൽ 271 പേർ വിവിധ വെടിവയ്പ്പുകളിലായി കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് 12% കുറവും കഴിഞ്ഞ രണ്ട് വർഷത്തിനിടെ 16% കുറവുമാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്.
ചിക്കാഗോ പോലീസ് പറയുന്നതനുസരിച്ച്, കഴിഞ്ഞ വർഷം സ്വാതന്ത്ര്യദിനാഘോഷ വാരാന്ത്യത്തിൽ, ജൂൺ 30 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്കും ജൂലൈ 4 ചൊവ്വാഴ്ച രാത്രി 11:59 നനും ഇടയിൽ 57 പേർക്ക് വെടിയേൽക്കുകയും എട്ട് പേർ കൊല്ലപ്പെടുകയുണ്ടായി.
കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി യുഎസിൽ ഏറ്റവുമധികം കൂട്ട വെടിവയ്പ്പുകൾ നടക്കുന്ന ദിവസമാണ് ജൂലൈ 4. 2014 മുതലുള്ള ഗൺ വയലൻസ് കണക്കുകൾ പരിശോധിച്ച് സിഎൻഎൻ ആണ് ഈ വിവരം പുറത്തുവിട്ടത്. ഏറ്റവും കൂടുതൽ ഷൂട്ടിംഗ് നടന്ന രണ്ടാമത്തെ ദിവസം ജൂലൈ 5 ആയിരുന്നു.