ചിക്കാഗോ സോഷ്യല്‍ ക്ളബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അന്താരാഷ്ട്ര വടംവലി മത്സര പരിപാടികൾക്ക് ബെൽവുഡ് മാർ തോമാശ്ലീഹ കത്തീഡ്രൽ പള്ളി പാരിഷ് ഹാളിൽ തുടക്കമായി. 5 മണിയോടെ പാരിഷ് ഹാൾ അങ്കണത്തിൽ സോഷ്യൽ മേള – 2024 ആരംഭിച്ചു. സോഷ്യൽ മേളയുടെ ഭാഗമായി വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങൾ ഒരുക്കികൊണ്ട് ഫൂഡ് ഫെസ്റ്റിവൽ നടക്കുകയാണ്. വിവിധ സ്റ്റാളുകളിൽ രുചിയിലും കാഴ്ചയിലും മണത്തിലും വ്യത്യസ്ത പുലർത്തുന്ന ഒട്ടേറെ ഭക്ഷണ വിഭവങ്ങൾ ഒരുക്കിയിട്ടുണ്ട്. ചിക്കാഗോയിലും പരിസരങ്ങളിലുമുള്ള നിരവധി പേർ ഭക്ഷ്യ മേളയ്ക്ക് എത്തിയിട്ടുണ്ട്.
ഗോൾഡ് റഷ് ഗെയിമിങ് സ്പോൺസർ ചെയ്യുന്ന രമേഷ് പിഷാരടിയും മഞ്ജരിയും നയിക്കുന്ന സ്റ്റേജ് ഷോയും അരങ്ങേറും. പ്രവേശനം സൗജന്യം. നാളെ രാവിലെ 10 മണി മുതൽ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ പള്ളി അങ്കണത്തിൽ (Address: 7800 Lyons St, Morton Grove, IL 60053) ആണു വടംവലി മത്സരം
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശക്തരായ 18 ടീമുകൾ വടംവലി മത്സരത്തിൽ മാറ്റുരയ്ക്കും. നോർത്ത് അമേരിക്കയിലുള്ള എല്ലാ കായിക പ്രേമികളേയും ഈ സുന്ദര അവസരത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ടുർണമെന്റ് കമ്മറ്റി ചെയർമാൻ സിറിയക് കൂവക്കാട്ടിൽ , ജനറൽ കൺവീനർ സ്റ്റീഫൻ കിഴക്കേക്കുറ്റ് ,ഫിനാൻസ് കമ്മിറ്റി ചെയർമാൻ മാനി കരികുളം, പിആർഒ മാത്യു തട്ടാമറ്റം എന്നിവർ അറിയിച്ചു. ആദ്യമായി വനിതകളുടെ വടംവലി മൽസരവും ഇത്തവണ നടക്കും.