കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇന്നലെ ജാമ്യം ലഭിച്ച ഒന്നാം പ്രതി പള്‍സര്‍ സുനി ജയില്‍ മോചിതനാകുന്നത് വൈകിയേക്കും. ചിക്കന്‍പോക്‌സ് ബാധിച്ച സുനി ഇപ്പോള്‍ ചികിത്സയിലാണ്. രോഗം ഭേദപ്പെട്ടശേഷം മാത്രമാകും പുറത്തിറങ്ങുകയെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിവരം.
എറണാകുളം സബ് ജയിലിലാണ് സുനി തടവിലുള്ളത്. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ഏഴര വര്‍ഷത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.
കേസിലെ വിചാരണ നീണ്ടുപോകുകയാണെന്നും ഇതിനാല്‍ ജാമ്യം തന്റെ അവകാശമാണെന്നുമായിരുന്നു പള്‍സര്‍ സുനിയുടെ വാദം. കേസില്‍ നീതിപൂര്‍വ്വമായ വിചാരണ നടക്കുന്നില്ലെന്നും ദിലീപിന്റെ അഭിഭാഷകനാണ് വിചാരണ നീട്ടിക്കൊണ്ടു പോകുന്നതെന്നും പള്‍സര്‍ സുനി വാദിച്ചു. അതേസമയം കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ ഏഴ് മാസങ്ങളിലായി 87 ദിവസം ദിലീപിന്റെ അഭിഭാഷകന്‍ വിസ്തരിച്ചതായി സംസ്ഥാന സര്‍ക്കാരും കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതിനെ രൂക്ഷമായ ഭാഷയിലാണ് സുപ്രീം കോടതി വിമര്‍ശിച്ചത്.