
ധാക്ക: ബംഗ്ലാദേശിൽ വീണ്ടും വിദ്യാർഥി പ്രക്ഷോഭം. ചീഫ് ജസ്റ്റിന്‍റെ രാജി ആവശ്യപ്പെട്ടാണ് ഇന്ന് വിദ്യാർഥികൾ പ്രക്ഷോഭം ശക്തമാക്കിയത്. സുപ്രീം കോടതി വളഞ്ഞടക്കമുള്ള വിദ്യാർഥി പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കിയ ചീഫ് ജസ്റ്റിസ് ഉബൈദുൾ ഹസൻ രാജിവയ്ക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിശ്വസ്തനായി കണക്കാക്കപ്പെടുന്നയാളാണ് ഉബൈദുൾ ഹസൻ.
മുഖ്യ ഉപദേഷ്ടാവായി നൊബേൽ ജേതാവ് മുഹമ്മദ് യുനുസിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രൂപീകരിച്ച ഇടക്കാല സർക്കാരിനോട് ആലോചിക്കാതെ ചീഫ് ജസ്റ്റിസ്, സമ്പൂർണ കോടതി യോഗം വിളിച്ചതാണ് സുപ്രീം കോടതിയിലേക്ക് പ്രക്ഷോഭം പടരാൻ കാരണമായത്. യോഗം വിളിച്ചതിന് പിന്നാലെ ഉബൈദുൾ ഹസൻ രാജിവച്ച് പുറത്തുപോകണമെന്ന് വിദ്യാർഥി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രക്ഷോഭം ആളിപ്പടർന്നത്. കഴിഞ്ഞ വർഷമാണ് ഹസൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്.