കൊച്ചി: പ്രതിപക്ഷം നവകേരള സദസ്സ് ബഹിഷ്‌കരിച്ചത് എന്തിനാണെന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള യാത്ര തുടങ്ങിയതു മുതല്‍ വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. സമാനതകള്‍ ഇല്ലാത്ത ജനങ്ങളുടെ ഒഴുക്കാണ് ഓരോ സ്ഥലത്തും അനുഭവപ്പെടുന്നത്. ഈ പരിപാടി ആര്‍ക്കും എതിരല്ല. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പരിപാടിയാണ്. എല്ലാവരും കൂടി കേരളത്തിന്റെ ആവശ്യം ഒരേ ശബ്ദത്തില്‍ ഉയര്‍ത്തണം എന്നാണ് ആഗ്രഹിച്ചത്. എന്നാല്‍ ആരും പ്രതീക്ഷിക്കാത്ത രീതിയില്‍ പരിപാടിയുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബഹിഷ്‌കരണത്തിന്റെ കാരണം പ്രതിപക്ഷം ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. ചില കോണ്‍ഗ്രസ് നേതാക്കള്‍ സദസ്സില്‍ പങ്കെടുത്തു. എന്നാല്‍ എന്തെല്ലാമോ വിളിച്ചുപറയുന്ന അവസ്ഥയിലേക്ക് പ്രതിപക്ഷ നേതാവ് തരംതാഴുകയാണ് ചെയ്തത്. ബിജെപിക്ക് പ്രയാസം ഉണ്ടാകുന്നത് സ്വാഭാവികം. അതൊരു കേരള വിരുദ്ധ വികാരമായി വളര്‍ന്നിട്ടുണ്ടാകാം. അതേ വികാരം കോണ്‍ഗ്രസിന് ഉണ്ടാകുന്നത് എന്തുകൊണ്ടാണ്. ബിജെപിയെ വേദനിപ്പിക്കരുതെന്ന നിര്‍ബന്ധം കോണ്‍ഗ്രസിന് ഉണ്ടാകുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
പ്രതിപക്ഷത്തിന് വിയോജിപ്പുള്ള ഏത് ഭാഗമാണ് പരിപാടിയിലുള്ളത് എന്ന് വ്യക്തമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ജീവിതത്തിന്റെ പല തുറകളില്‍ ഉള്ളവരാണ് പ്രഭാത സദസ്സില്‍ പങ്കെടുത്തയാളുകള്‍. കോണ്‍ഗ്രസിലെ ചില പ്രധാനികളും പരിപാടിയില്‍ പങ്കെടുത്തു. സംസ്ഥാനത്ത് തന്നെ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ എ വി ഗോപിനാഥ് പാലക്കാട് വെച്ച് പങ്കെടുത്തു. ബഹിഷ്‌കരണം എന്തിനാണെന്ന് മനസിലാവുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് ഒരു ഗോപിനാഥിന്റെ മാത്രം അഭിപ്രായമല്ല. നിരവധി പേര്‍ക്ക് ഇതേ അഭിപ്രായമാണുള്ളത്. ആരെങ്കിലും നിര്‍ബന്ധിച്ചല്ല ഈ ആളുകള്‍ എത്തിയത്.
സദസ്സ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ കാരണം പറയാന്‍ പ്രതിപക്ഷത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സംഘാടനത്തില്‍ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉന്നയിക്കാന്‍ കഴിയുമോ? എംഎല്‍എമാരെ അധ്യക്ഷനാക്കാനാണ് തീരുമാനിച്ചത്. ഇതില്‍ കൂടുതല്‍ എന്ത് പരിഗണന നല്‍കാനാണ്. കേന്ദ്ര സര്‍ക്കാരിന് ചെറിയൊരു പ്രയാസം കാണും. അവര്‍ കാണിക്കുന്ന നീതികേട് ജനസമക്ഷം അവതരിപ്പിക്കുന്നതിന്റെ പ്രശ്‌നം കാണും. എന്നാല്‍ കോണ്‍ഗ്രസിന് എന്താണ് പ്രശ്‌നം? സ്വന്തം അണികളെ പോലും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും തൃപ്പൂണിത്തുറയിലെ നവകേരള സദസ്സില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.