വയനാട് ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണം: മുഖ്യമന്ത്രി, വയനാടിനായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു

 വയനാട് ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണം എന്നാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്ന് സര്‍വകക്ഷിയോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വയനാട്ടിൽ ദുരന്തമുഖത്ത് എത്തിയതായിരുന്നു മുഖ്യമന്ത്രി. ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന വയനാട്ടിലെ ചൂരല്‍മല – മുണ്ടക്കൈ ഭാഗങ്ങളില്‍ ഇനി ജീവനോടെ ആരെയും രക്ഷിക്കാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രക്ഷാ ദൗത്യത്തിന് നേതൃത്വം നല്‍കുന്ന സൈന്യത്തെ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ രക്ഷിക്കാനാകുന്ന എല്ലാവരേയും സംരക്ഷിച്ചതായി സൈന്യം അറിയിച്ചു. അവിടെ ഇനി ആരും ബാക്കിയില്ല. എന്നാല്‍, കാണാതായ ഒട്ടേറെ ആളുകളുണ്ടൈന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മരിച്ചവരുടെ ചിതറിയ ശരീരങ്ങളാണ് പലയിടങ്ങളിൽ നിന്നായി ലഭിച്ചത്, മണ്ണ് നീക്കം ചെയ്ത് മൃതദേഹങ്ങൾ കണ്ടെത്താൻ കാലതാമസം വന്നത് ഉപകരണങ്ങൾ എത്തിക്കാൻ സാധിക്കാത്തത്തുമൂലമാണ്- മുഖ്യമന്ത്രി പറഞ്ഞു. ബെയ്‌ലി പാലം വന്നതോടെ രക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കുമെന്നും അറിയിച്ചു.

വയനാട്ടിലെ രക്ഷാപ്രവർത്തനത്തിൽ സര്‍വകക്ഷിയോഗം സംതൃപ്തി പ്രകടിപ്പിച്ചു. തുടർന്ന് കാര്യങ്ങൾ ഏകോപിപ്പിക്കാൻ നാലംഗ മന്ത്രിസഭാ ഉപസമിതി വയനാട്ടിൽ തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വനം, പട്ടികജാതി, റവന്യൂ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാരടങ്ങുന്ന ഉപസമിതിയാണ് പ്രവര്‍ത്തിക്കുക. വനം മന്ത്രി എ.കെ ശശീന്ദ്രൻ, റവന്യു മന്ത്രി കെ രാജൻ, പിഡബ്ള്യുഡി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്, പട്ടികജാതി പട്ടികവർഗ മന്ത്രി ഒ .ആർ കേളു എന്നിവരാണ് ഉപസമിതിയിലെ അംഗങ്ങൾ. രണ്ട് മുതിര്‍ന്ന ഐഎഎസ് ഓഫിസര്‍മാരുടെ പ്രവര്‍ത്തനവും വയനാട് കേന്ദ്രീകരിച്ച് തുടരും. 

പുനരധിവാസത്തെ കുറിച്ച് സർക്കാർ ചിന്തിക്കുന്നുണ്ടെങ്കിലും ഇപ്പോൾ പ്രാധാന്യം നൽകുന്നത് രക്ഷാപ്രവർത്തനത്തിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനരധിവാസം ശക്തമായി നടക്കുമെന്നും, ക്യാമ്പുകൾ കുറച്ച് നാളുകളിലേക്ക് തുടരേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചെർത്തു. ക്യാമ്പുകളിൽ ഓരോ കുടുബത്തിനും സ്വകാര്യത ഉറപ്പാക്കുമെന്നും, സന്ദർശകരെയോ മാധ്യമങ്ങളെയോ പ്രവേശിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിനു തടസമൊന്നും വരില്ല. കുട്ടിയുള്ള സ്ഥലത്ത് വിദ്യാഭ്യാസം എത്തിക്കും. ദുരന്തം ആളുകളിലുണ്ടാക്കിയ മനസികാഘാതം പ്രതീക്ഷിക്കാവുന്നതിനുമപ്പുറമാണ്. ആവശ്യമായ കൗൺസിലിംഗ് നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. ആദിവാസി കുടുംബങ്ങളെ അനുനയിപ്പിച്ച് മാറ്റിപ്പാർപ്പിക്കാൻ ശ്രമിക്കുകയാണെന്നും. അവർക്ക് ഭക്ഷണം അവിടെ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് പുതിയ സർട്ടിഫിക്കറ്റുകൾ നൽകാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ജല വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

More Stories from this section

family-dental
witywide