
ബംഗളൂരു: ബെംഗളൂരു കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിലുണ്ടായത് ബോംബ് സ്‌ഫോടനമെന്ന് സ്ഥിതീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സംഭവത്തില്‍ കൂടുതല്‍ വിവര ശേഖരണത്തിനായി ഭീകരവിരുദ്ധ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയുടെ ഒരു സംഘം കഫേയില്‍ എത്തിയിട്ടുണ്ട്.
സ്ഫോടനത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. അതേസമയം, സ്ഫോടനത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്. ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനമുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഐഇഡി അടങ്ങിയ ബാഗ് കഫേയ്ക്കുള്ളില്‍ വച്ചിരുന്നുവെന്നും ഇതാണ് പൊട്ടിത്തെറിച്ചതെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍.
കഫേയില്‍ ഒരാള്‍ ബാഗ് സൂക്ഷിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നും ബാഗിലുണ്ടായിരുന്നത് ഒഴികെ പരിസരത്ത് നിന്ന് കൂടുതല്‍ ഐഇഡി കണ്ടെത്തിയിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.