ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി സ്വന്തം താൽപര്യ പ്രകാരം ഒരു വിവാദ ഐഎഫ്എസ് ഉദ്യോഗസ്ഥനെ രാജാജി ടൈഗർ റിസർവ് ഡയറക്ടറായി നിയമിച്ചതിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.
സംസ്ഥാന വനം മന്ത്രി ഉൾപ്പെടെയുള്ളവരുടെ അഭിപ്രായങ്ങൾ അവഗണിച്ചുള്ള മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ നടപടിക്കെതിരെയാണ് കോടതി വാളെടുത്തത്
സർക്കാരുകളുടെ തലവന്മാർ പഴയ കാലത്തെ രാജാക്കന്മാരല്ല എന്നും നമ്മൾ ഫ്യൂഡൽ കാലഘട്ടത്തിലല്ല ജീവിക്കുന്നതെന്നും ജസ്റ്റിസുമാരായ ബി ആർ ഗവായ്, പി കെ മിശ്ര, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് പറഞ്ഞു. “മുഖ്യമന്ത്രിയാണെന്നു കരുതി എന്തും ചെയ്യാമെന്നാണോ ?ഈ നാട്ടിൽ പൊതുജന വിശ്വാസം എന്നൊരു കാര്യമുണ്ട്. മുഖ്യമന്ത്രി എക്സിക്യൂട്ടിവിൻ്റെ തലവൻ മാത്രമാണ്. അല്ലാതെ കൽപ്പന പുറപ്പെടുവിച്ച് നടപ്പാക്കുന്ന രാജാവല്ല”- കോടതി അറിയിച്ചു.
എന്നാൽ നിയമന ഉത്തരവ് സെപ്റ്റംബർ മൂന്നിനു തന്നെ പിൻവലിച്ചതായി സംസ്ഥാന സർക്കാർ ബെഞ്ചിനെ അറിയിച്ചു.
കോർബറ്റ് ടൈഗർ റിസർവിൻ്റെ മുൻ ഡയറക്ടറായ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ രാഹുലിനെ രാജാജി ടൈഗർ റിസർവിൻ്റെ ഡയറക്ടറായി നിയമിച്ചത് മുതിർന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ എതിപ്പോടെയായിരുന്നു. ഇയാളെ നിയമിക്കരുത് എന്ന് ഫസ്റ്റ് ഓഫീസറുടെ പ്രത്യേക കുറിപ്പ് ഉണ്ടായിരുന്നു. ഇത് ഡെപ്യൂട്ടി സെക്രട്ടറിയും പ്രിൻസിപ്പൽ സെക്രട്ടറിയും സംസ്ഥാന വനം മന്ത്രിയും അംഗീകരിച്ചിരുന്നു. എന്നിട്ടും മുഖ്യമന്ത്രി അതെല്ലാം മറികടന്ന് നിയമനം നടത്തുകയായിരുന്നു.
ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി നിലനിൽക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രിക്ക് ഉദ്യോഗസ്ഥനോട് “പ്രത്യേക വാത്സല്യം” എന്തിനാണെന്നും സുപ്രീം കോടതി ബെഞ്ച് ചോദിച്ചു.
Chief Ministers Not Kings, we are not in a feudal era says Suprem Court of India