തിരുവനന്തപുരം: കാട്ടാക്കട കൊണ്ണിയൂരില്‍ ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് മാനസികാസ്വസ്ഥ്യമുണ്ടെന്ന് പോലീസ്. ഇന്ന് രാവിലെ 11 മണിയോടെയാണ് ശ്രീകണ്ഠന്‍- സിന്ധു ദമ്പതികളുടെ മകന്‍ അനന്ദന്‍ എന്ന ഒന്നര വയസ്സുകാരനെ അമ്മയുടെ സഹോദരി മഞ്ജു കിണറ്റിലെറിഞ്ഞ് കൊന്നത്. ശ്രീകണ്ഠന്റെ ആദ്യ ഭാര്യ കൂടിയാണ് പ്രതിയായ മഞ്ജു.
ശ്രീകണ്ഠനും മഞ്ജുവിനും രണ്ടു പെണ്‍കുട്ടികളാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ പ്രസവത്തോടെ മഞ്ജുവിന് മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങുകയായിരുന്നു. ഇതോടെ ശ്രീകണ്ഠന്‍ മഞ്ജുവിന്റെ സഹോദരി സിന്ധുവിനെ വിവാഹം കഴിച്ചു. ഈ വിവാഹത്തിലുള്ള കുട്ടിയാണ് അനന്ദന്‍. ശ്രീകണ്ഠനും മഞ്ജുവും സിന്ധുവും മൂന്ന് മക്കളും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്.
കൃത്യം നടത്തിയ ശേഷം മഞ്ജു പ്രദേശത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളോട് വിവരം പറയുകയായിരുന്നു. പിന്നാലെ കാട്ടാക്കട ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി കുട്ടിയെ കിണറ്റില്‍ നിന്ന് പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സ്ഥിരീകരിച്ചു.