കാലിഫോര്‍ണിയ ബീച്ചില്‍ നിന്ന് മക്കള്‍ കക്ക പെറുക്കി, അമ്മയ്ക്ക് 88,000 ഡോളര്‍ പിഴ ചുമത്തി !

കാലിഫോര്‍ണിയ : കാലിഫോര്‍ണിയ ബീച്ചില്‍ നിന്ന് മക്കള്‍ കക്ക ശേഖരിച്ചതിന് അമ്മയ്ക്ക് പിഴ ചുമത്തി. കാലിഫോര്‍ണിയയില്‍ മത്സ്യബന്ധന ലൈസന്‍സില്ലാതെ ആളുകള്‍ക്ക് കക്കകള്‍ ശേഖരിക്കാന്‍ അനുവാദമില്ല. ഇതാണ് കുടുംബത്തെ കുടുക്കിയത്. കുട്ടികള്‍ 72 കക്കകള്‍ ശേഖരിച്ചതിനാണ് അമ്മയ്ക്ക് 88,000 ഡോളര്‍ പിഴ ചുമത്തിയ നടപടി എത്തിയത്.

പിസ്‌മോ ബീച്ചില്‍ കക്ക വിളവെടുപ്പ് സംബന്ധിച്ച് കര്‍ശനമായ നിയന്ത്രണങ്ങളുണ്ട്. ആളുകള്‍ക്ക് സാധുവായ ഉപ്പുവെള്ള മത്സ്യബന്ധന ലൈസന്‍സ് ഉണ്ടായിരിക്കണം, കൂടാതെ 4 1/2 ഇഞ്ചില്‍ താഴെയുള്ള കക്കകള്‍ ശേഖരിക്കാന്‍ കഴിയില്ല. ആളുകള്‍ക്ക് ഏത് സമയത്താണ് കക്കകള്‍ വിളവെടുക്കാന്‍ കഴിയുക, ഒരു ദിവസം എത്ര എണ്ണം ശേഖരിക്കാം എന്നതിനെക്കുറിച്ചും നിയന്ത്രണങ്ങളുണ്ട്. ലൈസന്‍സില്ലാതെ മത്സ്യബന്ധനം നടത്തിയതിനും കോടതി രേഖകള്‍ പ്രകാരം വലിപ്പം കുറഞ്ഞ കക്കകള്‍ ശേഖരിച്ചതിനുമാണ് അധികൃതര്‍ 88,993 ഡോളര്‍ പിഴ വിധിച്ചത്.

അതേസമയം, സാന്‍ ലൂയിസ് ഒബിസ്പോ കൗണ്ടി ജഡ്ജിയോട് തെറ്റ് വിശദീകരിക്കാന്‍ തനിക്ക് കഴിഞ്ഞതായും പിഴ 500 ഡോളറായി കുറച്ചതായും കുട്ടികളുടെ അമ്മ റസ് പറഞ്ഞു. കമ്മ്യൂണിറ്റി സേവന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി പിഴയും പൂര്‍ത്തീകരിക്കാം.

കുട്ടികള്‍ കടല്‍ച്ചെടികള്‍ ശേഖരിക്കുകയാണെന്നാണ് താന്‍ കരുതിയതെന്നും പക്ഷേ അവര്‍ യഥാര്‍ത്ഥത്തില്‍ കക്കകള്‍ ശേഖരിക്കുകയായിരുന്നുവെന്നും കൃത്യമായി പറഞ്ഞാല്‍, 72 കക്കകള്‍ അവര്‍ ശേഖരിച്ചുവെന്നും അമ്മ വ്യക്തമാക്കി.

(വാര്‍ത്ത: പി.പി ചെറിയാന്‍)