അരുണാചൽ പ്രദേശിലെ 30 സ്ഥലങ്ങൾക്ക് പുതിയ പേരിട്ട് ചൈന; പേര് മാറ്റിയിട്ട് കാര്യമില്ലെന്ന് കേന്ദ്രം

ബെയ്ജിങ്: അരുണാചൽ പ്രദേശിനു മേൽ അവകാശവാദം ഉന്നയിക്കുന്ന ശ്രമങ്ങൾക്കിടെ 30 സ്ഥലങ്ങൾക്ക് പുതിയ പേരിട്ട് പട്ടിക പുറത്തിറക്കി ചൈന. ഇന്ത്യൻ സംസ്ഥാനത്തിന് സ്ഥലങ്ങൾക്ക് പുതിയ പേരിട്ടുകൊണ്ടുള്ള നാലാമത്തെ പട്ടികയാണ് പുറത്തിറക്കിയത്.

അതേസമയം, ചൈനയുടെ അവകാശവാദങ്ങൾ തള്ളി ഇന്ത്യയും രംഗത്തെത്തി. അരുണാചൽ പ്രദേശ് ‘അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്’ എന്ന് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.

ഇതാദ്യമായല്ല ഇന്ത്യൻ പ്രദേശത്തിനുള്ളിലെ സ്ഥലങ്ങളുടെ പേരുമാറ്റാൻ ചൈന ശ്രമിക്കുന്നത്. ഭരണപരമായ ഡിവിഷനുകൾ സ്ഥാപിക്കുന്നതിനും പേരിടുന്നതിനും ചുമതലപ്പെടുത്തിയ ചൈനീസ് സിവിൽ അഫയേഴ്സ് മന്ത്രാലയത്തിൻ്റെ പുതിയ നീക്കം, അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾ അവകാശപ്പെടാനുള്ള മറ്റൊരു ശ്രമമാണ്.

‘സാങ്നാൻ’ എന്നാണ് അരുണാചൽപ്രദേശിനെ ചൈന വിശേഷിപ്പിക്കുന്നത്. ചൈനീസ് ആഭ്യന്തര വകുപ്പിന്‍റെ വെബ്സൈറ്റിലാണ് സ്ഥലങ്ങളുടെ പുതിയ പേരുകൾ പ്രസിദ്ധീകരിച്ചത്. അരുണാചൽ പ്രദേശ് തങ്ങളുടെ അധീനതയിലുള്ള ദക്ഷിണ ടിബറ്റിന്‍റെ ഭാഗമാണെന്നാണ് ചൈനീസ് വാദം. മേയ് ഒന്ന് മുതൽ പുതിയ സ്ഥലപ്പേരുകൾ നിലവിൽ വരുമെന്നും ഇവർ അവകാശപ്പെടുന്നു.

2017ൽ അരുണാചൽ പ്രദേശിലെ ആറ് സ്ഥലങ്ങളുടെ പുതിയ പേരുകളുടെ പ്രാരംഭ പട്ടിക ചൈന പുറത്തിറക്കിയിരുന്നു. 2021-ൽ 15 സ്ഥലങ്ങൾ ഉൾപ്പെടുന്ന രണ്ടാമത്തെ പട്ടികയും 2023-ൽ 11 സ്ഥലങ്ങളുടെ പേരുകൾ കൂടി ഉൾപ്പെടുത്തി മറ്റൊരു പട്ടികയും പുറത്തുവിട്ടിരുന്നു.

More Stories from this section

family-dental
witywide