മുംബൈ: വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികളുടെ പ്രകടനത്തില്‍ ഇന്ത്യയെ പിന്തള്ളി ചൈനയുടെ മുന്നേറ്റം. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇന്ത്യക്ക് ആദ്യമായി ഒന്നാംസ്ഥാനം ലഭിച്ചത്. എന്നാൽ വെറും രണ്ട് മാസം മാത്രമാണ് ഒന്നാം സ്ഥാനത്തിന് അർഹമായത്. ഇന്ത്യയില്‍ നിന്ന് വിദേശനിക്ഷേപം പിന്മാറ്റം തുടങ്ങിയതോടെയാണ് തിരിച്ചടിയായത്.
വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികളുടെ പ്രകടനം വിലയിരുത്തുന്ന മോർഗൻ സ്റ്റാൻലി കാപ്പിറ്റല്‍ ഇന്റർനാഷണല്‍ (എംഎസ്‍സിഐ) എമർജിങ് മാർക്കറ്റ് (ഇഎം) ഇൻവെസ്റ്റബിള്‍ മാർക്കറ്റ് ഇൻഡെക്സിലാണ് (ഇഎം ഐഎംഐ) ഇന്ത്യക്ക് ഒന്നാംസ്ഥാനം നഷ്ടമായത്. എംഎസ്‍സിഐ ഇഎം ഐഎംഐയില്‍ ചൈനയുടെ വെയ്റ്റ് ഓഗസ്റ്റിലെ 21.58 ശതമാനത്തില്‍ നിന്ന് 24.72 ശതമാനത്തിലേക്ക് മെച്ചപ്പെട്ടപ്പോള്‍ ഇന്ത്യയുടെ വെയ്റ്റ് 22.27ല്‍ നിന്ന് 20.42 ശതമാനത്തിലേക്ക് കുറഞ്ഞു.
ചൈനീസ് ഓഹരികള്‍ മുന്നേറുകയും അതേസമയം, ഇന്ത്യൻ ഓഹരികളിലെ നിക്ഷേപം പിൻവലിച്ച് വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ചൈനയിലേക്ക് കൂടുമാറുകയും ചെയ്തതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഒക്ടോബറില്‍ 1.14 ലക്ഷം കോടി രൂപയും ഈ മാസം ആദ്യ ആഴ്ചയില്‍ മാത്രം 20,000 കോടി രൂപയും വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളില്‍ നിന്ന് തിരിച്ചെടുത്തിരുന്നു.