ബേയ്ജിംഗ്: രാജ്യത്തെ വിരമിക്കല്‍ പ്രായം ഉയര്‍ത്താനുള്ള നിര്‍ദ്ദേശത്തിന് ചൈനയിലെ ഉന്നത നിയമനിര്‍മ്മാണ സമിതി അംഗീകാരം നല്‍കിയെന്ന് റിപ്പോര്‍ട്ട്. തൊഴിലാളികളുടെ സാമ്പത്തിക സമ്മര്‍ദ്ദം പരിഹരിക്കുന്നതിന് ദശാബ്ദങ്ങള്‍ പഴക്കമുള്ള നിയമങ്ങളാണ് ചൈന പൊളിച്ചെഴുതുന്നത്. ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ വിരമിക്കല്‍ പ്രായം നിലവിലുള്ള രാജ്യമാണ് ചൈന. ചൈനയിലെ ആയുര്‍ദൈര്‍ഘ്യം 1960-ല്‍ ഏകദേശം 44 വര്‍ഷമായിരുന്നെങ്കില്‍ 2021 ലെ കണക്കനുസരിച്ച് 78 വര്‍ഷമായി ഉയര്‍ന്നു. ഇത് 2050ഓടെ 80 ലേക്ക് എത്തുമെന്നതിനാലാണ് വിരമിക്കല്‍ പ്രായം കൂട്ടാന്‍ ചൈന നീക്കം നടത്തുന്നത്.
പുരുഷന്മാരുടെ പെന്‍ഷന്‍ പ്രായം 60ല്‍ നിന്ന് 63 ആയും വൈറ്റ് കോളര്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പെന്‍ഷന്‍ പ്രായം 55ല്‍ നിന്ന് 58 ആയും ഉയര്‍ത്തും. ബ്ലൂ കോളര്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പെന്‍ഷന്‍ പ്രായം 50ല്‍ നിന്ന് 55 ആയും ഉയര്‍ത്തും. മാറ്റങ്ങള്‍ 2025 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരികയും 15 വര്‍ഷ കാലയളവില്‍ നടപ്പിലാക്കുകയും ചെയ്യും.