ലിമ: തായ്വാനെ പിന്തുണച്ച് പരിധിലംഘിക്കരുതെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടു. പെറുവിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തികസഹകണ ഉച്ചകോടിക്കിടെ (അപെക്) ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തയ്വാൻ പ്രശ്നം, ജനാധിപത്യം, മനുഷ്യാവകാശം, ചൈനയുടെ വികസനതാത്പര്യങ്ങൾ തുടങ്ങിയവയെ വെല്ലുവിളിക്കരുതെന്ന് ഷി ആവശ്യപ്പെട്ടു. തായ്വാൻ സ്വാതന്ത്ര്യത്തിനായുള്ള വിഘടനവാദികളുടെ നീക്കം തായ്വാൻ കടലിടുക്കിൽ സമാധാനവും സ്ഥിരതയും കൊണ്ടുവരില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
ചൈന അവകാശവാദമുന്നയിക്കുന്ന സ്വയംഭരണമേഖലയാണ് തായ്വാൻ തായ്വാനുമായി ഔദ്യോഗിക നയതന്ത്രബന്ധമില്ലെങ്കിലും അവർക്ക് യു.എസ്. ശക്തമായ സുരക്ഷാപിന്തുണ നൽകുന്നുണ്ട്. യുക്രൈൻ വിഷയത്തിൽ ചൈനയുടെ സമീപനം തുറന്നതാണെന്നും കൊറിയൻ ഉപദ്വീപിലെ പിരിമുറുക്കങ്ങളെ സംഘർഷത്തിലെത്തിക്കാൻ അനുവദിക്കില്ലെന്നും ഷി വ്യക്തമാക്കി. നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സർക്കാരുമായി ചേർന്നുപ്രവർത്തിക്കാൻ ചൈന സന്നദ്ധമാണെന്നും അറിയിച്ചു. ജനുവരിയിൽ പ്രസിഡന്റ് സ്ഥാനമൊഴിയാനിരിക്കുന്ന ബൈഡൻ പങ്കെടുക്കുന്ന അവസാന അന്താരാഷ്ട്ര ഉച്ചകോടിയാണ് അപെക്.
China Warns US Against Supporting Taiwan