ബെയ്ജിങ്: ആൾക്കൂട്ടത്തിനിടയിലേക്ക് കാറോടിച്ച് കയറ്റി 35 പേരെ കൊലപ്പെടുത്ത സംഭവത്തിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് ചൈനീസ് കോടതി. ദക്ഷിണ ചൈനീസ് നഗരമായ ഷുഹായിൽ കഴിഞ്ഞ മാസമാണ് സംഭവമുണ്ടായത്. 62 വയസുകാരനായ അക്രമി ഫാൻ വിഖിയുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞു.
പതിറ്റാണ്ടിനിടെ ചൈന കണ്ട ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നായിരുന്നു ഇത്. നവംബർ 11നാണ് നടന്നത്.സ്പോട്സ് കോംപ്ലക്സിന് മുന്നിൽ വ്യായാമം ചെയ്യുകയായിരുന്ന ആൾക്കൂട്ടത്തിന് ഇടയിലേക്ക് 62കാരൻ തന്റെ എസ്‍യുവി വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. 35 പേരാണ് മരണപ്പെട്ടത്. സംഭവ സ്ഥലത്തു വെച്ചു തന്നെ പ്രതി പിടിയിലായി. ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങളും താളം തെറ്റിയ കുടുംബ ജീവിതവും വിവാഹ മോചനത്തിന് ശേഷം സ്വത്ത് വീതം വെച്ചതിലുള്ള അതൃപ്തിയുമൊക്കെയാണ് ക്രൂരതയ്ക്ക് ഇയാളെ പ്രേരിപ്പിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തി.