ചിന്ത ജെറോമിനെ കാറിടിച്ച സംഭവം; യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവത്തകര്‍ക്കെതിരെ വധശ്രമത്തിനു കേസ്

കൊല്ലം: ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ, സിപിഎം സംസ്ഥാന സമിതി അംഗം ചിന്ത ജെറോമിനെ കാറിടിച്ചു പരുക്കേല്‍പ്പിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവത്തകര്‍ക്കെതിരെ പൊലീസ് വധശ്രമത്തിനു കേസെടുത്തു. കൊല്ലം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സെയ്ദലി, കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ എന്നിവര്‍ക്കെതിരെ വധശ്രമം, ഗൂഢാലോചന, അസഭ്യം പറയല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. സെയ്ദലി മനഃപൂര്‍വം കാര്‍ പിന്നോട്ടെടുത്ത് ഇടിപ്പിച്ചെന്നും ഫൈസല്‍ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

എന്നാൽ, കാര്‍ പിന്നോട്ടെടുത്തപ്പോള്‍ അബദ്ധത്തില്‍ ചിന്തയുടെ ദേഹത്ത് മുട്ടിയതാണെന്നാണ് ആരോപണവിധേയരുടെ വിശദീകരണം. തിരുമുല്ലവാരത്ത് ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. ചിന്ത ജെറോം എന്‍എസ് സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ചാനല്‍ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് -സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തിന്റെ വക്കില്‍ എത്തിയിരുന്നു. മനഃപൂര്‍വം കാര്‍ ഇടിപ്പിച്ചതാണെന്ന് സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആരോപിക്കുമ്പോൾ കാര്‍ അറിയാതെ തട്ടിയതാണെന്നു ചിന്ത തന്നെ പറഞ്ഞിരുന്നു എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാദം.

More Stories from this section

family-dental
witywide