പ്രത്യാശയുടെ നിറവില്‍ ഇന്ന് ഈസ്റ്റര്‍; ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന

തിരുവനന്തപുരം: പ്രത്യാശയുടെയും സഹനത്തിന്‍റെയും സന്ദേശം പകർന്ന് ക്രൈസ്തവ വിശ്വാസി സമൂഹം ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി ഗാഗുല്‍ത്താമലയില്‍ കുരിശുമരണം വരിച്ച യേശുദേവന്‍ മൂന്നാംനാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ പുതുക്കലാണ് ഈസ്റ്റര്‍. സ്‌നേഹത്തിന്റെയും പ്രത്യാശയുടേയും തിരുനാളായ ഈസ്റ്റര്‍ 51 ദിവസത്തെ നോമ്പാചാരണത്തിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ആഘോഷിക്കുന്നത്.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പ ഉയിർപ്പ് പ്രാ‌ർത്ഥനകൾക്ക് നേതൃത്വം നൽകി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ദുഖ വെള്ളിയാഴ്ചയിലെ പ്രദക്ഷിണത്തിൽ നിന്നും മാർപ്പാപ്പ വിട്ടുനിന്നിരുന്നു. ഈസ്റ്റർ ശുശ്രൂഷകൾക്കായി വീൽ ചെയ്റിലാണ് മാർപ്പാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ എത്തിയത്. ശക്തമായ വിശ്വാസത്തിന് ജീവിതത്തിലെ ഒരു സന്തോഷത്തേയും തച്ചുടയ്ക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു

ഈസ്റ്ററിനോട് അനുബന്ധിച്ച് വിവിധ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. സഭാ നേതാക്കൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. തിരുവനന്തപുരം പട്ടം സെൻറ് മേരീസ് കത്തീഡ്രലിൽ കുർബാന ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ കാർമികത്വം വഹിച്ചു.

രാജ്യത്ത് തുടർന്നുവരുന്ന സന്തോഷവും സമാധാനവും ഇനിയും തുടരണമെന്ന് ഈസ്റ്റർ ദിന സന്ദേശത്തിൽ ബസേലിയോസ് ക്ലീമിസ് ബാവ പറഞ്ഞു. പാളയം സെൻറ് ജോസഫ്സ് കത്തീഡ്രലിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ നേതൃത്വം നൽകി. നൂറുക്കണക്കിന് വിശ്വാസികൾ പാതിരാ കുർബാനയുടെ ഭാഗമായി.

More Stories from this section

family-dental
witywide