
തിരുവനന്തപുരം: യേശുദേവന്റെ പീഡാനുഭവത്തിന്‍റെയും കുരിശു മരണത്തിന്റെ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയ്ക്കൊപ്പം രാവിലെ കുരിശിന്റെ വഴിയും നടക്കും. ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും ഏറ്റുവാങ്ങി കുരിശിലേറിയ ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളുടെ ഓര്‍മ്മപുതുക്കാലായാണ് വിശ്വാസികള്‍ ഈ ദിനം ആചരിക്കുന്നത്.
ദേവാലയങ്ങളിൽ രാവിലെ ആറ് മണി മുതൽ പ്രത്യേക ബൈബിൾ വായനയും തിരുകർമ്മങ്ങളും ആരംഭിച്ചു. ഉച്ചകഴിഞ്ഞ് യേശുവിന്‍റെ സ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നടക്കും. കുരിശിൽ കിടന്നുകൊണ്ട് യേശുക്രിസ്തു തന്‍റെ അനുയായികളോട് അരുളിച്ചെയ്ത കാര്യങ്ങൾ മനുഷ്യ ജീവിതത്തിലെ സഹനശക്തിയുടെയും സ്നേഹത്തിന്‍റെയും ഉത്തമ ഉദാഹരണമായാണ് വിശ്വാസികൾ കണക്കാക്കുന്നത്.
പാളയം സെൻറ് ജോസഫസ് കത്തീഡ്രൽ ദേവാലയത്തിലെ ചടങ്ങുകൾക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ മുഖ്യ കാർമികത്വം വഹിക്കും. പട്ടം സെൻറ് മേരീസ് കത്തീഡ്രൽ ദേവാലയത്തിലും ദുഃഖവെള്ളിയുടെ ഭാഗമായി ദിവ്യബലിയും പ്രത്യേക പ്രാർത്ഥനകളും നടക്കും.
എറണാകുളം മലയാറ്റൂര്‍ സെന്‍റ് തോമസ് പള്ളിയില്‍ കുരിശുമല കയറ്റത്തിനായി വിശ്വാസികള്‍ പുലര്‍ച്ചെ മുതല്‍ എത്തി തുടങ്ങി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സിറോ മലബാര്‍ സഭ അധ്യക്ഷൻ, മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ കോട്ടയം കുടമാളൂര്‍ സെന്‍റ് മേരീസ് ആര്‍ക്കി എപ്പിസ്കോപ്പല്‍ പള്ളിയില്‍ ദുഃഖവെള്ളി ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.