അനിൽ മറ്റത്തിക്കുന്നേൽ
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ ഈ വർഷത്തെ ക്രിസ്മസ് കരോളിന് തുടക്കം കുറിച്ചു. ഇടവകയിലെ കൂടാരയോഗ ഭാരവാഹികൾക്കും ചിക്കാഗോ കെ സി എസ് ഭാരവാഹികൾക്കും ഉണ്ണിയേശുവിന്റെ തിരുസ്വരൂപങ്ങൾ വെഞ്ചിരിച്ച് നൽകിക്കൊണ്ടാണ് ഈ വർഷത്തെ ക്രിസ്മസ് കരോളിന് വികാരി. ഫാ. സിജു മുടക്കോടിയിൽ പ്രാരംഭം കുറിച്ചത്.
ക്രിസ്മസ് കരോൾ എന്നാൽ ഉണ്ണിയേശുവിന്റെ ജനനം പ്രഖ്യാപിച്ചുകൊണ്ട് ഓരോ ഭവനങ്ങളിലേക്കും നടത്തപെടുന്ന പ്രഘോഷണയാത്രയാണ് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
വി. കുർബ്ബാനയ്ക്ക് ശേഷം സെന്റ് സേവിയേഴ്‌സ് കൂടാരയോഗത്തിന്റെ ആഭിമുഖ്യത്തിൽ പള്ളിയിൽ പ്രഥമ ക്രിസ്മസ് കരോൾ നടന്നു. ഇത്തവണത്തെ കരോളിൽ നിന്ന് സമാഹരിക്കുന്ന തുകകൊണ്ട് ദേവാലയത്തിന്റെ മുഖവാരത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളും ഇടവകയിലെ വിവിധ മിനിസ്‌ട്രികളുടെ പ്രവർത്തനങ്ങളും നടത്തുവാനാണ് ഉദ്ദേശിക്കുന്നത്.
ഇടവകയുടെ പൊതുവായ ക്രിസ്മസ് കരോൾ ഡിസംബർ 15 ഞായറാഴ്ചത്തെ വിശുദ്ധകുർബ്ബാനക്ക് ശേഷം ഇടവകയിലെ മതബോധന സ്‌കൂളിന്റെ നേതൃത്വത്തിൽ നടക്കും.
സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ നിബിൻ വെട്ടിക്കാട്ട് എന്നീ കൈക്കാരൻമാരോടൊപ്പം ക്രിസ്മസ് കരോളിന് പോൾസൺ കുളങ്ങര, റ്റാജു കണ്ടാരപ്പള്ളിൽ എന്നിവർ കരോൾ കോർഡിനേറ്റേഴ്‌സ് ആയി പ്രവർത്തിച്ചുവരുന്നു. ക്രിസ്മസ് കരോളിനോടനുബന്ധിച്ച് നടത്തുന്ന മികച്ച ക്രിസ്മസ് ഡെക്കറേഷൻ, പുൽക്കൂട്, പ്രാത്ഥനാമുറി, ക്രിസ്മസ് പാപ്പാ, കരോൾ പങ്കാളിത്തം എന്നിവയുൾപ്പെടെയുള്ള വിവിധ കൂടാരയോഗതല മത്സരങ്ങളുടെ കോർഡിനേറ്റാറായി ജോയിസ് ആലപ്പാട്ട് പ്രവർത്തിക്കും.
Christmas Carols Begin at St. Mary’s Catholic Parish in Chicago