കൊച്ചി: ചര്‍ച്ച് ബില്ലിനെ ഓര്‍ത്തഡോക്‌സ് സഭ എതിര്‍ക്കുന്നത് എന്തിനാണെന്ന് യാക്കോബായ സഭ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ്. സുപ്രീംകോടതി വിധികളെയും സഭാ ഭരണഘടനയെയും മറികടന്ന് ഒരു ഒത്തുതീര്‍പ്പിനും ഓര്‍ത്തഡോക്‌സ് സഭ തയാറല്ലെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞതിനു പിന്നാലെയാണ് മെത്രാപ്പൊലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ പ്രതികരണം എത്തിയത്.
ഓര്‍ത്തഡോക്‌സ് സഭ സംഘടിപ്പിച്ച മാര്‍ത്തോമ്മന്‍ പൈതൃക സംഗമത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കവെയായിരുന്നു കാതോലിക്കാ ബാവായുടെ അഭിപ്രായം എത്തിയത്. 2017 ലെ സുപ്രിംകോടതി വിധിപ്രകാരം മലങ്കരയിലെ 1662 പള്ളികളും ഓര്‍ത്തഡോക്സ് സഭയുടെ 1934 ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടേണ്ടതാണ്. അത് നടപ്പിലാക്കാന്‍ മലങ്കര സഭയുടെ മക്കള്‍ പ്രതിജ്ഞാബദ്ധമാണ് എന്നതില്‍ ആര്‍ക്കും സംശയം വേണ്ട. സുപ്രീംകോടതിയുടെ വിധി ഈ നാടിന്റെ നിയമമാണ്. ഈ നിയമത്തെ മറികടക്കാന്‍ ചര്‍ച്ച് ബില്‍ വരുമെന്ന് പലരും പറഞ്ഞുകേള്‍ക്കുന്നുണ്ട്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി 2017 ലുണ്ടായ സുപ്രീംകോടതി വിധിയെ അവഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ നിയമമോ ഓര്‍ഡിനന്‍സോ അംഗീകാരത്തിനായി സമര്‍പ്പിച്ചാല്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് നീതി ഉറപ്പാക്കാന്‍ സംസ്ഥാന ഗവര്‍ണര്‍ തന്റെ വിവേചനാധികാരം ഉപയോഗിക്കുമെന്നാണ് ഉറച്ചവിശ്വാസമെന്നും, ചര്‍ച്ച് ബില്‍ കൊണ്ടുവന്ന് സഭയുടെ തനിമ തകര്‍ക്കാമെന്ന് കരുതുന്നവര്‍ മൂഢ സ്വര്‍ഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു. വേട്ടക്കാരന്റെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്. എല്ലാ സമാധാന ചര്‍ച്ചയ്ക്കും സഭ തയ്യാറാണ്. സഭയുടെ അസ്ഥിവാരം തകര്‍ക്കാന്‍ അനുവദിക്കില്ല. മന്ത്രിമാരായ വി.എന്‍ വാസവന്‍, വീണ ജോര്‍ജ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബാവയുടെ പരാമര്‍ശം.
എന്നാല്‍, ഇതിന് പ്രതികരണവുമായി എത്തിയ യാക്കോബായ സഭ, തര്‍ക്കം അവസാനിക്കണമെന്നാണ് കേരള സമൂഹം ആഗ്രഹിക്കുന്നതെന്നും പ്രശ്‌നം അവസാനിക്കാനാണ് ചര്‍ച്ച് ബില്ലെന്നും അഭിപ്രായപ്പെട്ടു. നീതി നിഷേധിക്കപ്പെട്ട സമൂഹത്തിന് നീതി ലഭിക്കാനാണ് സര്‍ക്കാര്‍ ചര്‍ച്ച് ബില്ല് കൊണ്ടുവരുന്നത്. അതിന് എല്ലാവരുടെയും പിന്തുണയും ഉണ്ട്. യാക്കോബായ സഭയ്ക്ക് ആരോടും വിരോധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചർച്ച് ബിൽ അംഗീകരിച്ചുതുകൊണ്ട് സഭാ തർക്കത്തിൽ സമവായമുണ്ടാകില്ലെന്നും ചർച്ച് ബിൽ വന്നാൽ സംസ്ഥാനത്ത് സമാധാനം തകര്‍ക്കപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്നും നേരത്തേ കതോലിക ബാവ പറഞ്ഞിരുന്നു