എറണാകുളം-അങ്കമാലി അതിരൂപത ഏകീകൃത കുര്‍ബാന തർക്കം കത്തിപ്പടരുന്നു: സിനഡ് സര്‍ക്കുലര്‍ കത്തിച്ചു, ചവിറ്റുകൊട്ടയിൽ എറിഞ്ഞു

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന സംബന്ധിച്ച തര്‍ക്കം വീണ്ടും കത്തിപ്പടരുന്നു. ഇന്ന് രൂപതയിലെ വിവിധ പള്ളികളിൽ ഏകീകൃത കുര്‍ബാന സംബന്ധിച്ച സിനഡ് സര്‍ക്കുലര്‍ കത്തിച്ചും ചവറ്റുകുട്ടയിലെറിഞ്ഞും ഒരുവിഭാഗം വിശ്വാസികൾ പ്രതിഷേധിച്ചു.

എറണാകുളം സെന്റ്മേരീസ് ബസലിക്കയിൽ ഒരു വിഭാ​ഗം വിശ്വാസികൾ സിനഡ് സർക്കുലർ കത്തിച്ചു. എളംകുളം ലിറ്റിൽഫ്ലവർ പള്ളിയുടെ മുന്നിൽ സർക്കുലർ ചവറ്റുകൊട്ടയിലിട്ട് പ്രതിഷേധിച്ചു. ഇടപ്പള്ളി പള്ളിയില്‍ ഒരുവിഭാഗം വിശ്വാസികള്‍ സിനഡ് സർക്കുലർ വായിച്ചപ്പോള്‍ മറുവിഭാഗം സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധിച്ചു.

കഴിഞ്ഞയാഴ്ചയാണ് കുര്‍ബാന വിഷയത്തില്‍ സഭ അന്ത്യശാസനം നല്‍കിയത്. സെൻ്റ് തോമസ് ദിനമായ ജൂലൈ മൂന്ന് മുതല്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ പള്ളികളിലും ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന് പുതിയ സര്‍ക്കുലറില്‍ കർശന നിര്‍ദ്ദേശം നൽകിയിരുന്നു. ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ സഭയില്‍ നിന്ന് പുറത്ത് പോയതായി കണക്കാക്കും. കൂടാതെ ഈ വൈദികരെ മറ്റ് കാര്‍മികപരമായ എല്ലാ കൂദാശകള്‍ നടത്തുന്നതില്‍ നിന്ന് പൂര്‍ണമായും വിലക്കുമെന്നും ഇത്തരം വിലക്കേര്‍പ്പടുത്തുന്ന വൈദികര്‍ അര്‍പ്പിക്കുന്ന കര്‍മങ്ങളില്‍ നിന്ന് വിശ്വാസികള്‍ വിട്ട് നില്‍ക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു. വിലക്കേര്‍പ്പടുത്തുന്ന വൈദികര്‍ കാര്‍മികരായി നടത്തുന്ന വിവാഹങ്ങള്‍ക്ക് സഭയുടെ അംഗീകാരം ഉണ്ടാകില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും അപ്പസ്തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരും സംയുക്തമായാണ് സര്‍ക്കുലര്‍ പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.

2021 നവംബര്‍ 28 മുതല്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന സിനഡിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ സഭയില്‍ മുഴുവനായും ഏകീകൃത കുര്‍ബാന നടപ്പിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇത് സംബന്ധിച്ച് വിവിധ ചര്‍ച്ചകളടക്കം നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്.

ഇതിനിടെയാണ് കഴിഞ്ഞ ദിവസം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലടക്കമുള്ളവര്‍ ചേര്‍ന്ന് വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയത്. മാര്‍പ്പാപ്പയുടെ ഓഫിസില്‍നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത് .

Circular of Syro Malabar Church on Uniform Holy Mass was burned in certain churches of Ernakulam-Angamaly Archdiocese

More Stories from this section

family-dental
witywide