ജയ്പൂര്‍: ട്രാഫിക് നിയമലംഘകരെ കണ്ടെത്തി പിഴ ഈടാക്കാന്‍ പുതിയ ഡ്രോണ്‍ സാങ്കേതികവിദ്യ അവതരിപ്പിക്കാന്‍ ജയ്പൂര്‍ സിറ്റി ട്രാഫിക് പൊലീസ്. ജയ്പൂര്‍ പൊലീസ് ഒരു സ്വകാര്യ ഏജന്‍സിയുമായി സഹകരിച്ചാണ് ഡ്രാണ്‍ സാങ്കേതിക വിദ്യ നടപ്പിലാക്കുക. പിഴ ഈടാക്കാന്‍ ചലാന്‍ നല്‍കുന്നതിനായുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിനകം തന്നെ ചില ഡ്രോണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കരാറിലുള്ള ഏജന്‍സി വിവരങ്ങള്‍ ഞങ്ങളുടെ സിസ്റ്റങ്ങളുമായി സമന്വയിപ്പിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
നഗരത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും പൊലീസ് ഉദ്യോഗസ്ഥരുടെ കുറവും വിഐപികളുടെയും വിവിഐപികളുടെയും സഞ്ചാരം വര്‍ധിച്ചതിനാലും നിരീക്ഷണം ദുഷ്‌കരമായ സാഹചര്യത്തിലാണ് ഡ്രോണ്‍ എത്തുന്നത്. ഈ സാങ്കേതികവിദ്യ ജാഗ്രത വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ ട്രാഫിക് നിയമലംഘന ചലാനുകള്‍ നല്‍കാനും തങ്ങളെ സഹായിക്കും, ജയ്പൂരില്‍ ഈ സാങ്കേതികവിദ്യ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഒരു മുതിര്‍ന്ന ട്രാഫിക് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഡ്രോണുകള്‍ ഏകദേശം അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നിരീക്ഷണം നടത്തും, കൂടാതെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറുള്‍പ്പെടെയുള്ള തത്സമയ ദൃശ്യങ്ങള്‍ ട്രാഫിക് വകുപ്പിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് അയയ്ക്കും. കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ പരിശോധിച്ച് നിയമലംഘനത്തിന് ചലാന്‍ നല്‍കുകയും ദൃശ്യങ്ങളുടെ രേഖകള്‍ സൂക്ഷിക്കുകയും ചെയ്യും.