തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഇടതു സംഘടനയിലെ ജീവനക്കാർ തമ്മിൽ കയ്യാങ്കളി. ജില്ലാ ട്രഷറിയിലെ അമൽ, സോമൻ എന്നീ ജീവനക്കാരും സെക്രട്ടറിയേറ്റിലെ ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്. സെക്രട്ടറിയേറ്റിലെ ക്യാൻറീനിൽ ആഹാരം കഴിക്കാനെത്തിയ ട്രഷറി ജീവനക്കാർ വെള്ളം നിറച്ചുവച്ചില്ലെന്നാരോപിച്ച് ജഗ്ഗ് നിലത്തടിക്കുകയും ക്യാൻറീൻ ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് ആരോപണം. ഇതോടെ കൈയാങ്കളിയായി. സെക്രട്ടേറിയേറ്റിലെ ഏറ്റുമുട്ടൽ ചിത്രീകരിച്ച മാധ്യമ പ്രവർത്തകർക്ക് നേരെ ഇരുപക്ഷവും ഭീഷണി മുഴക്കി.
വീഡിയോ എടുത്താൽ ക്യാമറ അടിച്ചുപൊട്ടിക്കുമെന്നായിരുന്നു ഒരു ജീവനക്കാരന്റെ ഭീഷണി. തുടർന്ന് പേര് പറയാൻ ആവശ്യപ്പെട്ടപ്പോൾ കൂടുതൽ ഭീഷണിയുമായി ഇയാൾ മാദ്ധ്യമപ്രവർത്തകർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. മീഡിയ വൺ റിപ്പോർട്ടർ മുഹമ്മദ് ആഷിക് , ക്യാമറാമാൻ സിജോ സുധാകരൻ, ഡ്രൈവർ സജിൻലാൽ എന്നിവർക്ക് നേരെയാണ് കയ്യേറ്റം ഉണ്ടായത്. തർക്കം ചിത്രീകരിച്ചാൽ കൈവയ്‌ക്കുമെന്നായിരുന്നു മറ്റൊരു ഉദ്യോഗസ്ഥന്റെ ഭീഷണി.
ശക്തമായ നടപടി ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ
സെക്രട്ടറിയേറ്റിൽ ജീവനക്കാർ തമ്മിലുണ്ടായ സംഘർഷം ചിത്രീകരിച്ച മാദ്ധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ വാർത്താസമ്മേളനം കഴിഞ്ഞ് ഇറങ്ങുന്നതിനിടെ സെക്രട്ടറിയേറ്റ് ജീവനക്കാർ തമ്മിലുള്ള സംഘർഷം ചിത്രീകരിച്ചതിനാണ് മാദ്ധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്.സംഘർഷം ചിത്രീകരിച്ചാൽ ക്യാമറ തല്ലിപ്പൊട്ടിക്കും എന്നുൾപ്പെടെ ഭീഷണിപ്പെടുത്തിയായിരുന്നു ജീവനക്കാരുടെ കയ്യേറ്റം. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സർക്കാരിനോടും ചീഫ് സെക്രട്ടറിയോടും യൂണിയൻ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫനും സെക്രട്ടറി അനുപമ ജി നായരും ആവശ്യപ്പെട്ടു.