‘അങ്ങനെ പിപി ദിവ്യയെ കുറിച്ച് ചർച്ച ചെയ്യണ്ട’, അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു, ജില്ലാപഞ്ചായത്ത് യോഗത്തിൽ ബഹളം

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയ്‌ക്കെതിരെയുള്ള അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഭരണസമിതി യോഗത്തില്‍ ബഹളം. നടുത്തളത്തിലിറങ്ങി യുഡിഎഫ് അംഗങ്ങൾ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി യോഗം പിരിഞ്ഞു.

രാവിലെ11 മണിയോടെയാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം തുടങ്ങിയത്. എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ അനുശോചിച്ച് മൗനം ആചരിച്ചാണ് യോഗം ആരംഭിച്ചത്. ഉടന്‍ തന്നെ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി. 7 ദിവസത്തിനു മുന്‍പ് നോട്ടിസ് നല്‍കണമെന്ന് ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. വൈസ് പ്രസിഡന്റ് വിനോയ് കുര്യനായിരുന്നു അധ്യക്ഷന്‍. 7 യുഡിഎഫ് അംഗങ്ങള്‍ ഇതിനെതിരെ പ്രതിഷേധിച്ചു. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു.

ബഹളത്തിനിടയിലും വൈസ് പ്രസിഡന്റ് അജണ്ട ഒന്നൊന്നായി വായിക്കുകയും പാസാക്കുകയും ചെയ്തു. പിപി ദിവ്യ രാജിവച്ച ശേഷമുള്ള ആദ്യജില്ലാ പഞ്ചായത്ത് യോഗമായിരുന്നു ഇന്ന് നടന്നത്. പിപി ദിവ്യ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു യുഡിഎഫ് അംഗങ്ങളുടെ പ്രമേയം.