ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പൊലീസിന്റെ ലാത്തിച്ചാർജ്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് മർദ്ദനമേറ്റു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രതിഷേധത്തിനു നേരെയാണ് പൊലീസ് ലാത്തി വീശിയത്.
നീറ്റ് ക്രമക്കേട്, അഗ്നിവീർ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യമുന്നിയിച്ച് പാർലമെന്റ് മാർച്ച് എന്ന നിലയിൽ ദേശീയ അധ്യക്ഷൻ ബി.വി ശ്രീനീവാസ് നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് അധ്യക്ഷന്മാർ പ്രസംഗിച്ചു. തുടർന്ന് നേതാക്കളും പ്രവർത്തകരും ബാരിക്കേടുകളടക്കം മറികടന്ന് മാർച്ചുമായി മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോൾ പൊലീസ് ലാത്തി വീശുകയായിരുന്നു.
അതേസമയം, നീറ്റ്-നെറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച പ്രതിപക്ഷം നാളെ പാർലമെന്റിൽ ഉന്നയിക്കും. പാർലമെൻ്റിൽ ഉന്നയിക്കുന്ന വിഷയങ്ങളും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പും ചർച്ച ചെയ്യുന്നതിനായി ഇന്ത്യാ ബ്ലോക്ക് വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് അംഗങ്ങളുടെ യോഗം ചേർന്നിരുന്നു.