ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ വന്‍ നാശം വിതച്ച് മേഘവിസ്‌ഫോടനവും തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയവും.
ഷിയോമിയാ ജില്ലയിലെ മേച്ചുക്ക മേഖലയിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. പ്രളയത്തില്‍ രണ്ട് വൈദ്യുത നിലയങ്ങള്‍ പൂര്‍ണ്ണമായും തകരാറിലായി. ഇതോടെ പ്രദേശത്തെ വൈദ്യുത വിതരണം തടസ്സപ്പെട്ടു. വന്‍കൃഷിനാശമുണ്ടാവുകയും ഒട്ടേറെ വീടുകള്‍ ഒലിച്ചു പോവുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല നിരവധി വാഹനങ്ങളും പ്രളയത്തിന് ഇരയായിട്ടുണ്ട്.
ഇറ്റാനഗര്‍ നഗരത്തിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി, വെല്ലുവിളിയായി മണ്ണിടിച്ചിലും എത്തിയതോടെ പല ഇടങ്ങളിലും ഗതാഗതം താറുമാറായി. അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ അരുണാചല്‍ പ്രദേശിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) കാലാവസ്ഥാ പ്രവചിച്ചിട്ടുണ്ട്.