
ന്യൂഡല്‍ഹി: ഹിമാചലിലെ കുളു ജില്ലയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍ പ്രളയം. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദേശീയ പാത 3 ല്‍ ഗതാഗത തടസ്സം നേരിട്ടു. ബുധനാഴ്ച വൈകിട്ടോടെയാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് ലേ-മണാലി റോഡ് എന്നറിയപ്പെടുന്ന എന്‍എച്ച് 3 ലെ ദുണ്ടിയ്ക്കും പാല്‍ചന്‍ പാലത്തിനും ഇടയിലുള്ള പ്രദേശത്തെ കാര്യമായി ബാധിച്ചു. ആവശ്യമെങ്കില്‍ മാത്രം യാത്ര ചെയ്യാനും ജാഗ്രതയോടെ വാഹനം ഓടിക്കാനും വഴിയില്‍ ഉണ്ടായേക്കാവുന്ന അപകടത്തെക്കുറിച്ച് ബോധവാനായിരിക്കാനും ഭരണകൂടം യാത്രക്കാരോട് ആവശ്യപ്പെട്ടു.
മാണ്ഡിയിലെ 12, കിന്നൗറിലെ രണ്ട്, കാന്‍ഗ്ര ജില്ലയില്‍ ഒന്ന് ഉള്‍പ്പെടെ ആകെ 15 റോഡുകള്‍ ഇപ്പോള്‍ അടച്ചിട്ടുണ്ട്. മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് ബുധനാഴ്ച രാത്രി സംസ്ഥാനത്ത് 62 ട്രാന്‍സ്‌ഫോര്‍മറുകള്‍ തകരാറിലായതായി സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു.