‘ഒരു രൂപ പോലും സഹായം തന്നിട്ടില്ല’, വയനാട് ദുരന്തത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നു, കേന്ദ്രം ഒളിച്ചോടുന്നു: വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ, ചൂരല്‍മല ദുരന്തം വിവാദ വിഷയമാക്കി സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതൊരു ഖേദകരമായ നീക്കമാണ്. വിശദമായ പഠന റിപ്പോര്‍ട്ട് നല്‍കാന്‍ കേരളം വൈകിയതുകൊണ്ടാണ് പ്രത്യേക സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കാത്തതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞതായി കാണുന്നത്. ഇത് തീര്‍ത്തും വസ്തുതാ വിരുദ്ധമായ കാര്യമാണെന്നും പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു വയനാട്ടില്‍ സംഭവിച്ചത്. അതുകൊണ്ടാണ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കേന്ദ്രസംഘം ഇവിടെയെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും അവലോകനം നടത്തുകയും ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രിയെക്കുറിച്ച് പറഞ്ഞാല്‍ അദ്ദേഹം ആദ്യമായല്ല വയനാട് വിഷയത്തില്‍ പാര്‍ലമെന്റിനേയും പൊതുസമൂഹത്തേയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇല്ലാത്ത കാലാവസ്ഥാ റിപ്പോര്‍ട്ട് വ്യാജമായി ഉദ്ദരിച്ച് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചു. കേന്ദ്രം ഉരുള്‍പൊട്ടലിനെപ്പറ്റി കൃത്യമായ മുന്നറിയിപ്പ് നല്‍കി. എന്നിട്ടും കേരളം എന്താണ് ചെയ്തതെന്നാണ് അദ്ദേഹം നേരത്തെ പാര്‍ലമെന്റില്‍ ഉന്നയിച്ചത്. അങ്ങനെയൊരു മുന്നൊരുക്കം ഉണ്ടായിരുന്നില്ലെന്ന് തെളിവ് സഹിതം വ്യക്തമാക്കപ്പെട്ടു. അന്നത്തേതിന്റെ ആവര്‍ത്തനമായി വേണം ഈ കഴിഞ്ഞ ദിവസത്തെ പാര്‍ലമെന്റിലുണ്ടായ പ്രസ്താവനയും കാണേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓഗസ്റ്റ് 10നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തമേഖല സന്ദര്‍ശിച്ചത്. ഒട്ടും വൈകാതെ തന്നെ ആ മാസം 17 ന് തന്നെ നിലവിലെ സ്ഥിതിഗതികളും ദുരന്തത്തിലുണ്ടായ നഷ്ടവും എന്‍ഡിആര്‍എഫ് നിര്‍ദേശ പ്രകാരം കേരളത്തിന് ആവശ്യപ്പെടാവുന്ന തുകയും ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കി. 1028 കോടി രൂപയുടെ പ്രാഥമിക സഹായമാണ് ആവശ്യപ്പെട്ടത്. കേരളം കണക്ക് നല്‍കിയില്ലെന്ന വാദം തെറ്റാണ്. മോദി വയനാട്ടില്‍ വന്ന് പോയിട്ട് 100 ദിവസം കഴിഞ്ഞു. പിഡിഎന്‍എ നല്‍കാന്‍ വൈകിയെന്ന വാദം തെറ്റാണ്. ഈ പ്രക്രിയയ്ക്ക് ചുരുങ്ങിയത് മൂന്ന് മാസം സമയം ആവശ്യമാണ്. എന്നാല്‍ കേരളം വളരെ കുറച്ച് സമയം മാത്രമാണ് എടുത്തത്. 583 പേജുള്ള വിശദവും സമഗ്രവുമായ റിപ്പോര്‍ട്ടാണ് സംസ്ഥാനം നല്‍കിയിട്ടുള്ളത്. ഇതിനിടെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് പണം നല്‍കിയപ്പോള്‍ കേരളത്തിന് ഒരു രൂപ പോലും നല്‍കിയില്ല. ത്രിപുര, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കി.

തൊടുന്യായം പറഞ്ഞാണ് കേരളത്തെ കേന്ദ്രം അവഗണിക്കുന്നത്. തീവ്രസ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിക്കണമെന്നായിരുന്നു കേരളത്തിന്റെ ആദ്യത്തെ ആവശ്യം. ദുരന്തബാധിതരുടെ എല്ലാ കടങ്ങളും എഴുതിത്തള്ളണമെന്നതായിരുന്നു രണ്ടാമത്തെ ആവശ്യം. മൂന്നാമതായി ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും അടിയന്തര സഹായം അനുവദിക്കണമെന്നായിരുന്നു മൂന്നാമത്തേത്. ഈ മൂന്ന് ആവശ്യങ്ങളില്‍ ഒന്നിനുപോലും അനുകൂല മറുപടികള്‍ നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

More Stories from this section

family-dental
witywide