തിരുവനന്തപുരം: ഉരുൾപൊട്ടൽ തകർത്ത വയനാടിന്‍റെ പുനരധിവാസത്തിനായുള്ള ‘റീ ബിൽഡ് വയനാടി’നായി സാലറി ചലഞ്ച് മുന്നോട്ട് വച്ച് സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസത്തിന് വേണ്ടി ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. സർവീസ് സംഘടനകളുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം മുന്നോട്ടുവെച്ചത്. 10 ദിവസത്തെ ശമ്പളം നൽകാമോ എന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ ചോദിച്ചത്. അഞ്ച് ദിവസത്തെ ശമ്പളം നല്‍കാമെന്നാണ് ജീവനക്കാർ പറഞ്ഞത്.
അഞ്ച് ദിവസത്തെ ശമ്പളം നൽകുന്ന കാര്യത്തിൽ സർവീസ് സംഘടനകൾക്ക് ഇടയിൽ ധാരണയായിട്ടുണ്ടെന്നാണ് വിവരം. സാലറി ചലഞ്ച് നിർബന്ധം ആക്കരുതെന്നും സംഘടനകൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. സർക്കാർ നിർദ്ദേശിച്ച സാലറി ചലഞ്ച് താല്പര്യമുള്ളവർക്കായി പരിമിതപ്പെടുത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഗഡുക്കളായി നൽകാനും അവസരം നൽകണമെന്നും യോഗത്തില്‍ നിർദേശമുയര്‍ന്നു. ഇതുസംബന്ധിച്ച് സർക്കാർ ഉടൻ ഉത്തരവ് ഇറക്കും.