സിപിഎം നിർദ്ദേശത്തിന് പിന്നാലെ തീരുമാനമെടുത്ത് മുഖ്യമന്ത്രി, കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും അന്വേഷണം, ഡിജിപിക്ക്‌ നിര്‍ദേശം നൽകി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനടക്കം ആരോപണം നേരിടുന്ന കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും അന്വേഷിക്കാൻ മുഖ്യമന്ത്രി ഡിജിപിക്ക്‌ നിര്‍ദേശം നൽകി. കൊടകര കേസിൽ പുന:രന്വേഷണം നടത്തണമെന്ന് സർക്കാരിനോട് നേരത്തെ സിപിഎം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഡിജിപിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് കേസ് വീണ്ടും അന്വേഷിക്കാൻ തീരുമാനിച്ചത്. പുന:രന്വേഷണം വേണോ തുടരന്വേഷണം വേണമോയെന്ന നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ച്‌ ഉടൻ കോടതിയെ സമീപിക്കാനാണ് മുഖ്യമന്ത്രി ഡിജിപിക്ക് നിർദ്ദേശം നല്‍കിയിരിക്കുന്നത്.

കൊടകര കുഴല്‍പ്പണക്കേസില്‍ ഒരു പ്രാവശ്യം തുടരന്വേഷണം നടന്നിട്ടുണ്ട്. ആദ്യ കുറ്റപത്രത്തില്‍ 22 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. തുടരന്വേഷണത്തില്‍ ഒരു പ്രതിയെ കൂടി ഉള്‍പ്പെടുത്തി കുറ്റപത്രം നല്‍കുകയായിരുന്നു.

കൊടകര ദേശീയ പാതയില്‍ വച്ച്‌ കാറില്‍ കൊണ്ടുപോകുകയായിരുന്ന മൂന്നരക്കോടി രൂപ ക്രിമിനല്‍ സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്. ഇത് ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഉയർന്ന ആരോപണം. 2021 ഏപ്രില്‍ ഏഴിനാണ് കൊടകര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ 22 പേരെ പ്രതികളാക്കി 2021 ജൂലൈ 23ന് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചിരുന്നു. പിന്നീട് ഒരാള്‍ കൂടി അറസ്റ്റിലായതിന്റെ അടിസ്ഥാനത്തില്‍ 2022 നവംബർ 15ന് അധികമായി ഒരു കുറ്റപത്രം കൂടി സമർപ്പിച്ചു.

തൃശ്ശൂർ റെയ്ഞ്ച് ഡി ഐ ജിയുടെ നേതൃത്വത്തില്‍ തൃശൂർ പൊലീസ് അസിസ്റ്റൻ്റ് കമ്മീഷണർ അന്വേഷണ ഉദ്യോഗസ്ഥനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം 2021 മെയ് 10നാണ് ചുമതല ഏറ്റെടുത്തത്. സംഭവത്തില്‍ 1,58,48,801 രൂപയാണ് വീണ്ടെടുത്തത്. 56,64,710 രൂപ മറ്റുള്ളവർക്ക് കൈമാറിയതായും കണ്ടെത്തി.

More Stories from this section

family-dental
witywide