‘മരിച്ചതല്ല കൊന്നതാണെന്ന് പറഞ്ഞു’, സിദ്ധാർഥന്‍റെ മരണത്തിൽ മുഖ്യമന്ത്രി സിബിഐ അന്വേഷണം ഉറപ്പുനൽകി, സമരം അവസാനിപ്പിക്കണം

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ ആൾക്കൂട്ട വിചാരണക്ക് പിന്നാലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർഥി ജെ എസ് സിദ്ധാർഥന്‍റെ മരണം സി ബി ഐ അന്വേഷിക്കും. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്‍റെ ആവശ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉറപ്പ് നൽകിയത്. ഇന്ന് രാവിലെ സിദ്ധാർഥന്റെ പിതാവും അമ്മാവനുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പിണറായി വിജയനെ കണ്ടത്. സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചതായും കേസ് സി ബി ഐയ്‌ക്കു വിടുമെന്ന് അദ്ദേഹം ഉറപ്പു നൽകിയതായും കൂടിക്കാഴ്ചയ്ക്കു പിന്നാലെ സിദ്ധാർഥന്റെ അച്ഛൻ ടി ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.

സിദ്ധാർഥൻ ‘മരിച്ചതല്ല കൊന്നതാണ്’ എന്ന് മുഖ്യമന്ത്രിയോടെ പറഞ്ഞതായും അച്ഛൻ ജയപ്രകാശ് വ്യക്തമാക്കി. മരണത്തിലെ സംശയങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചു. സി ബി ഐ അന്വേഷണം ആകാം എന്ന് മുഖ്യമന്ത്രി പറഞ്ഞെന്നും അദ്ദേഹത്തിൽ വിശ്വാസമുണ്ടെന്നും ജയപ്രകാശ് വിവരിച്ചു.കോളേജിൽ ഉണ്ടായ മരണങ്ങളിൽ എല്ലാം അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്ഷയ് സാക്ഷി അല്ല, സിദ്ധാർഥന്‍റെ മരണത്തിൽ അക്ഷയ്ക്ക് പങ്ക് ഉണ്ടെന്നും അക്ഷയ് പ്രതി ആണെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ജയപ്രകാശ് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി എല്ലാം കേട്ടെന്നും ശേഷം സി ബി ഐ അന്വേഷണത്തിന് വിടാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും ജയപ്രകാശ് വിവരിച്ചു. എപ്പോൾ പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ് എഫ് ഐക്ക് എതിരായ കാര്യങ്ങൾ ഒന്നും മുഖ്യമന്ത്രിയോട് പറഞ്ഞില്ലെന്നും ആരൊക്കെയോ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് മാത്രം പറഞ്ഞെന്നും ജയപ്രകാശ് വ്യക്തമാക്കി. ഡീൻ, അസിസ്റ്റന്റ് വാർഡൻ എന്നിവർക്ക് എതിരെ കൊലക്കുറ്റം ചേർക്കണമെന്നും കേസിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടായ ശേഷം കോളേജ് തുറന്നാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസും കെ എസ്‌ യുമൊക്കെ നിരാഹാരം കിടക്കുന്നത് അറിഞ്ഞെന്നും മകന്റെ 41 കഴിഞ്ഞതിനുശേഷം അവരെ പോയി കാണണമെന്ന് ആഗ്രഹമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അവരുടെ ആരോഗ്യസ്ഥിതി മോശമായി എന്നറിഞ്ഞു. അവരോടുള്ള ഏക അപേക്ഷ നിരാഹാര സമരം അവസാനിപ്പിക്കമെന്നതാണെന്നും ജയപ്രകാശ് പറഞ്ഞു.

CM Pinarayi assured CBI probe in case siddharth death case

More Stories from this section

family-dental
witywide