‘അഭിമുഖത്തിൽ മുഖ്യമന്ത്രി ഒരു പ്രദേശത്തിന്‍റെയും പേര് പറഞ്ഞിട്ടില്ല’, ദി ഹിന്ദു പത്രാധിപർക്ക്‌ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ കത്ത്, ‘തിരുത്തണം’

തിരുവനന്തപുരം: അഭിമുഖത്തില്‍ വാക്കുകള്‍ വളച്ചൊടിച്ചു എന്ന് കാണിച്ച്, അഭിമുഖം പ്രസിദ്ധീകരിച്ച ദി ഹിന്ദു പത്രത്തിനും പത്രാധിപർക്കും മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ കത്ത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ പത്രം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. അക്കാര്യം തിരുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അഭിമുഖത്തില്‍ മുഖ്യമന്ത്രി ഒരു പ്രദേശത്തിന്‍റെയും പേരെടുത്തു പറഞ്ഞിട്ടില്ല. ദേശവിരുദ്ധ പ്രവര്‍ത്തനമെന്നോ സംസ്ഥാന വിരുദ്ധ പ്രവര്‍ത്തനമെന്നോ പരാമര്‍ശിച്ചിട്ടില്ല. വിഷയത്തില്‍ മുഖ്യമന്ത്രിയുടെയും കേരള സര്‍ക്കാരിന്‍റെയും നിലപാട് പ്രതിഫലിപ്പിക്കുന്നവയല്ല, ഈ വാക്കുകള്‍. ഈ വാക്കുകള്‍ മുഖ്യമന്ത്രി ഉപയോഗിച്ചു എന്ന തരത്തില്‍ പ്രസിദ്ധീകരിച്ചത് തെറ്റായ പ്രചാരണത്തിനും വ്യാഖ്യാനത്തിനും ഇടവച്ചു എന്നാണ് കത്തില്‍ പറയുന്നത്.

വിവാദം അവസാനിപ്പിക്കാന്‍ പത്രം വിശദീകരണവും തിരുത്തും നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദ ഹിന്ദു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശം മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് കാണിച്ചായിരുന്നു മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.

More Stories from this section

family-dental
witywide