ഗവർണർ vs മുഖ്യമന്ത്രി, പോര് മുറുകുന്നു! ‘സംസ്ഥാനത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നുവെന്ന് പറഞ്ഞിട്ടില്ല’, അധികാര പരിധി ഓർമ്മിപ്പിച്ചും പിണറായിയുടെ മറുപടി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള പോര് മുറുകുന്നു. ഗവർണറുടെ ആരോപണങ്ങൾക്ക് കത്തിലൂടെ മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തി. സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെന്നു മുഖ്യമന്ത്രി അറിയിച്ചു. വിശ്വാസ്യത ഇല്ലെന്ന ഗവര്‍ണറുടെ വാക്കുകളില്‍ മുഖ്യമന്ത്രി പ്രതിഷേധവും രേഖപ്പെടുത്തി.

അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം സംബന്ധിച്ചാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ്. രാജ്യവിരുദ്ധ ശക്തികള്‍ സാഹചര്യം മുതലാക്കുന്നതിനെ കുറിച്ചാണു പറഞ്ഞത്. പറയാത്ത വ്യാഖ്യാനങ്ങള്‍ ഗവര്‍ണര്‍ നല്‍കരുത്. മറുപടി നല്‍കാന്‍ കാലതാമസം ഉണ്ടായത് വിവരങ്ങള്‍ ശേഖരിക്കാനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തനിക്കു വിശ്വാസ്യത ഇല്ലെന്ന ഗവര്‍ണറുടെ വാക്കുകളില്‍ കടുത്ത പ്രതിഷേധവും മുഖ്യമന്ത്രി അറിയിച്ചു. കത്തില്‍ ഗവര്‍ണറുടെ അധികാരപരിധി ഓര്‍മപ്പെടുത്തുകയും ചെയ്തു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പൊലീസ് വെബ്‌സൈറ്റിൽ വിവരങ്ങളുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കത്തിൽ പറയുന്നു. തനിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങളാണ് നടത്തുന്നത്. ഇതിന് പിന്നിൽ കൃത്യമായ ലക്ഷ്യം ഉണ്ടെന്ന് സംശയിക്കുന്നതായും മുഖ്യമന്ത്രി കത്തിലൂടെ ചൂണ്ടികാട്ടി. പൊലീസ് വെബ്സൈറ്റിൽ ഉണ്ടെന്ന് പറഞ്ഞ് ഗവർണർ ഉയർത്തിക്കാട്ടിയ കാര്യങ്ങൾ തെറ്റാണ്. പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അത്തരം കാര്യങ്ങളൊന്നുമില്ല. പിആർ വിഷയത്തിൽ താൻ പറയാത്ത കാര്യങ്ങളാണ് പ്രസിദ്ധീകരിച്ചതെന്ന് ഹിന്ദു ദിനപത്രം തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കത്തിലൂടെ മറുപടി നൽകി.

നേരത്തെ മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടപ്പെടുന്നു, പലതും മറയ്ക്കുന്നു, പൊലീസ് വെബ്സൈറ്റിൽ തന്നെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ട് എന്നിങ്ങനെ രണ്ട് ആരോപണങ്ങളാണ് ഗവർണർ പ്രധാനമായും ഉന്നയിച്ചത്. രാജ്യത്തിനെതിരായ കുറ്റകൃത്യം നടന്നത് സർക്കാർ മറച്ച് പിടിച്ചെന്നായിരുന്നു ഗവർണറുടെ ആരോപണം. സ്വർണക്കടത്ത് നടന്നിട്ടുണ്ടെങ്കിൽ ഗവർണറെ അറിയിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. അത് കേന്ദ്രത്തെ അറിയിക്കേണ്ട ചുമതല തനിക്കുമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide