തിരുവനന്തപുരം: ദ കേരള സ്റ്റോറിയെന്ന വിവാദ സിനിമ ഇടുക്കി രൂപതയുടെ വേദപഠന ക്ലാസിന്റെ ഭാഗമായി പ്രദർശിപ്പിച്ചതിന് പിന്നാലെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കേരള സ്റ്റോറി ആര്‍എസ്എസിന്‍റെയും സംഘപരിവാറിന്‍റെയും അജണ്ടയാണെന്നും പറഞ്ഞ മുഖ്യമന്ത്രി ആരും ആ കെണിയില്‍ വീഴരുതെന്നും ആവശ്യപ്പെട്ടു. കേരളത്തെ അപമാനിക്കാന്‍ ശ്രമിക്കുകയാണ് കേരള സ്റ്റോറി സിനിമയിലുടെ ചെയ്യുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെ കൊണ്ടുവന്ന ഒരു സിനിമയാണെന്നും അതിന് കൂടുതല്‍ പ്രചാരണം കൊടുക്കുന്നതില്‍ കൃത്യമായ ഉദ്ദേശങ്ങളുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ആര്‍എസ്എസ് ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുകയാണ്. ഹിറ്റ്ലറുടെ ആശയം നടപ്പാക്കുന്ന രീതിയാണ് ഇവിടെയും നടപ്പിലാക്കാൻ നോക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ തിരിച്ചുവിട്ട് കാര്യങ്ങൾ നേടാനാണു ശ്രമം. ആ കെണിയിൽ നമ്മളാരും വീഴരുത്. കേരളത്തിന്റെ കഥയാണ് പറയുന്നതെന്ന് പറയുന്ന സിനിമ, അതിലെ സംഭവങ്ങൾ കേരളത്തിലെവിടെയാണ് സംഭവിച്ചത് പറയുന്നുണ്ടോ? അങ്ങനെയൊരു സംഭവം ഈ കേരളത്തിൽ നടന്നിട്ടില്ലെന്ന് എല്ലാവർക്കും അറിയുന്നതാണെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. ഒരു നാടിനെ അവഹേളിച്ചു പച്ച നുണ പ്രചരിപ്പിച്ച് കെണിയിൽ വീഴ്ത്താനുള്ള ശ്രമമാണ് നടക്കുന്നത്. നമ്മുടെ നാട് അത് തള്ളിക്കളയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
CM PINARAYI VIJAYAN AGAINST KERALA STORY MOVIE