‘ഞങ്ങടെ അക്കൗണ്ട് മരവിപ്പിച്ച് സുരേഷ് ഗോപിക്ക് രക്ഷപെടാമെന്ന് കരുതിയെങ്കിൽ നടക്കില്ല’; കരുവന്നൂരിലും മോദിക്ക് പിണറായിയുടെ മറുപടി

തൃശൂർ: കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പ് അടക്കമുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിമർശനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. കരുവന്നൂർ ബാങ്ക് സാധാരണനിലയിൽ ആണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് പറഞ്ഞ പിണറായി, അപകീർത്തിപ്പെടുത്തൽ കൊണ്ടൊന്നും ഞങ്ങളെ നാട്ടിൽ കൊച്ചാക്കാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു. കരുവന്നൂരിൽ 117 കോടി നിക്ഷേപം തിരിച്ചു കൊടുത്തെന്നും 8.16 കോടി പുതിയ വായ്പ നൽകിയെന്നും 103 കോടി രൂപ വായ്പ എടുത്തവർ തിരിച്ചടച്ചെന്നും തൃശൂരിൽ വി എസ് സുനിൽകുമാറിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

കരുവന്നൂർ തട്ടിപ്പ് കണ്ടെത്തിയത് സഹകരണ വകുപ്പാണെന്നും കുറ്റക്കാർക്കെതിരെ സർക്കാർ വിട്ടുവീഴ്ച നടത്തിയിട്ടില്ലെന്നും പിണറായി വിവരിച്ചു. കരുവന്നൂരിൽ തട്ടിപ്പ് നടത്തിയ പ്രതികളുടെ സ്വത്തു കണ്ടെത്താൻ നടപടിയടക്കം സംസ്ഥാന സർക്കാ‍ർ സ്വീകരിച്ചെന്നും പ്രധാനമന്ത്രിക്ക് ഇതൊന്നും മനസ്സിലാകാഞ്ഞിട്ടല്ല, തെരഞ്ഞെടുപ്പിന്റെ ഭാഗമായി പറയുന്നതാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.

സി പി എം തൃശൂർ ജില്ലാ സെക്രട്ടറിക്ക് 100 കോടിയുടെ സ്വത്തുണ്ടെന്ന് പ്രധാനമന്ത്രി കാട്ടാക്കടയിൽ പറഞ്ഞത് പരിഹാസ്യമായ നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാർട്ടിയുടെ ബ്രാഞ്ച് ഓഫീസ് മുതൽ ജില്ലാ കമ്മിറ്റി ഓഫീസ് വരെയുള്ള സ്വത്താണതെന്ന് പ്രധാനമന്ത്രിക്ക് അറിയാമെന്നും പാർട്ടിയുടെ അക്കൗണ്ട് മരവിപ്പിച്ചതു കൊണ്ടൊന്നും തെരഞ്ഞെടുപ്പിൽ പിന്നാക്കം പോവില്ലെന്നും പിണറായി കൂട്ടിച്ചേർത്തു. ഞങ്ങടെ അക്കൗണ്ട് മരവിപ്പിച്ച് സുരേഷ് ഗോപിക്ക് രക്ഷപെടാമെന്ന് കരുതുന്നതെങ്കിൽ നടക്കില്ലെന്ന് പ്രധാനമന്ത്രി മനസിലാക്കണമെന്നും പാർട്ടിയുടെ കൈയിൽ പണമില്ലെങ്കിൽ ജനം പണം നൽകുമെന്നും മുഖ്യമന്ത്രി വിവരിച്ചു.

CM Pinarayi Vijayan criticize PM Modi Karuvannur bank scam kerala speech

Also Read

More Stories from this section

family-dental
witywide