‘കർശന നടപടി ഉറപ്പ്’, മൗനം വെടിഞ്ഞ് മുഖ്യമന്ത്രി! നവീൻ ബാബുവിന്‍റെ മരണത്തിൽ ആദ്യ പ്രതികരണം; ‘പിപി ദിവ്യയെ സംരക്ഷിക്കില്ല’

തിരുവനന്തപുരം: കണ്ണൂർ എ ഡി എം ആയിരിക്കെ നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തിൽ ആദ്യ പ്രതികരണം നടത്തിയ മുഖ്യമന്ത്രി, മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് പി പി ദിവ്യക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് പറഞ്ഞു. നവീൻ ബാബുവിന്‍റെ മരണത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണെന്നും എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വിവരിച്ചു. അന്വേഷണത്തിൽ സർക്കാർ ഒരുതരത്തിലും ഇടപെടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, ദിവ്യയെ സംരക്ഷിക്കുന്ന നിലപാടുണ്ടാകില്ലെന്നും വിവരിച്ചു.

ഇതിനകം തന്നെ ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊലീസ് റിപ്പോർട്ടിന് ശേഷം കൂടുതൽ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞു. ഇടതുമുന്നണി യോഗത്തിലെ അധ്യക്ഷ പ്രസംഗത്തിത്തിനിടെ ആയിരുന്നു പിണറായി വിജയന്‍റെ ഉറപ്പ്.

അതേസമയം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാനായി തലശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതി മാറ്റി. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ദിവ്യക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. നവീന്റെ സഹോദരന്റെ പരാതിയിലായിരുന്നു ദിവ്യയ്ക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തിയത്. എന്നാല്‍ ഈ നിമിഷം വരെ ദിവ്യയെ അറസ്റ്റ് ചെയ്യാനോ, ചോദ്യം ചെയ്യാനോ ഉള്ള നടപടികള്‍ സ്വീകരിക്കാൻ സംസ്ഥാന സർക്കാരോ പൊലീസോ തയാറായിട്ടില്ലെന്ന് വിമർശനമുയർന്നിട്ടുണ്ട്. വ്യാഴാഴ്ച വരെയാണ് ഇനി ദിവ്യയ്ക്കും പൊലീസിനും മുന്നിലുള്ള സമയം. അതിനിടയിൽ പൊലീസ് ദിവ്യയെ കസ്റ്റഡിയിലെടുക്കാൻ തയാറാകുമോയെന്നത് കാത്തിരുന്നു കാണാം.

More Stories from this section

family-dental
witywide