തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച വിവാദങ്ങൾക്കൊടുവിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ സർക്കാർ നടപടി. ക്രമസമാധാന ചുമതലയിൽ നിന്നും അജിത് കുമാറിനെ മാറ്റി. സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. ബറ്റാലിയൻ എഡിജിപി ചുമതലയിൽ അജിത് കുമാർ തുടരും. അജിത് കുമാറിന് പകരം മനോജ് എബ്രഹാമിന് ക്രമസമാധാന ചുമതലനൽകുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ രാത്രി സെക്രട്ടറിയേറ്റിൽ എത്തി മടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി ഉണ്ടായത്. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയടക്കമുള്ള വിഷയങ്ങളിൽ ആണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.
സർക്കാർ അറിയിപ്പ് ഇപ്രകാരം
എം ആർ അജിത് കുമാറിന് സ്ഥലം മാറ്റം. എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് സായുധ പോലീസ് ബറ്റാലിയനിലേക്ക് മാറ്റി. ഇൻ്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി മാറ്റി നിയമിച്ചു. നേരത്തെ എഡിജിപി എം ആർ അജിത് കുമാറുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളിൽ സംസ്ഥാന പോലീസ് മേധാവിയും പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ച റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു.
അധികാരസ്ഥാനത്തില്ലാത്ത രാഷ്ട്രീയ നേതാക്കളുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് റിപ്പോർട്ടിലുള്ളതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഔദ്യോഗിക വാഹനം അടക്കം ഉപേക്ഷിച്ച് രഹസ്യമായി സന്ദർശിച്ച നടപടിയിൽ ചട്ടലംഘനമുണ്ടായെന്നായിരുന്നു ഡി.ജി.പിയുടെ കണ്ടെത്തൽ. നാളെ നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്നതിന് മുമ്പാണ് എഡിജിപിക്കെതിരായ നടപടി.
പോലീസ് തലപ്പത്തെ രണ്ടാമൻ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് എഡിജിപി ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.എഡിജിപിക്കെതിരെ നടപടി എടുക്കാത്തതിൽ എൽഡിഎഫിൽ തന്നെ വിമർശനം ഉയർന്നിരുന്നു. 2023 മെയ് 22 നാണ് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നത്. 2023 ജൂൺ 2 ന് റാം മാധവുമായും എഡിജിപി കൂടിക്കാഴ്ച നടത്തിയിരുന്നു. പത്ത് ദിവസത്തെ ഇടവേളയിലാണ് കൂടിക്കാഴ്ചകൾ നടന്നത്.