പൂരം വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി, ‘പൂരം കലങ്ങിയിട്ടില്ല, കലക്കാൻ ശ്രമം നടന്നു’, പ്രതിപക്ഷം സംഘപരിവാർ ബി ടീം ആയി

തിരുവനന്തപുരം: തൃശൂര്‍ പൂരം കലങ്ങിയിട്ടില്ല എന്ന വാദത്തില്‍ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂരം പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതിനു പിന്നാലെ നിലപാട് വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫിസ് പത്രക്കുറിപ്പ് പുറത്തിറക്കി. തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്നും അതിനുള്ള ശ്രമങ്ങള്‍ മാത്രമാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൂരം കലങ്ങിയെന്ന് സ്ഥാപിക്കുക സംഘപരിവാറിന്റെ ലക്ഷ്യമാണ്. പ്രതിപക്ഷം ഇതേ വാദം ഉന്നയിക്കുന്നത് സംഘപരിവാറിന്റെ ബി ടീമായതുകൊണ്ടാണ്. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടെങ്കില്‍ അര്‍ഹിക്കുന്ന ശിക്ഷ നല്‍കുമെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

പൂരത്തില്‍ പ്രശ്‌നങ്ങളുണ്ടായെന്ന് മുഖ്യമന്ത്രി സമ്മതിക്കുന്നുണ്ട്. ചില ആചാരങ്ങള്‍ ചുരുക്കേണ്ടി വന്നു. വെടിക്കെട്ട് രാവിലെ മാത്രമേ നടന്നുള്ളൂ. ദീപാലങ്കാരങ്ങള്‍ ഓഫ് ചെയ്യുന്ന നടപടിയും ഉണ്ടായെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പൂരം കലക്കൽ പരാമർശത്തിന് എതിരെ സിപിഐ ഉൾപ്പടെ രം​ഗത്തെത്തിയിരുന്നു. പിന്നാലെ പൂരം കലക്കലിൽ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. മതപരമായ ആഘോഷം തടസ്സപ്പെടുത്തല്‍, ഗൂഢാലോചന, രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ (എസ്ഐടി) ഉദ്യോഗസ്ഥന്റെ പരാതിയിലാണ് തൃശൂർ ഈസ്റ്റ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

More Stories from this section

family-dental
witywide