തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം പൂര്‍ണ്ണമായി വായിക്കാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമുയരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ പെരുമാറ്റം മറ്റൊരു രീതിയില്‍ കാണേണ്ടെന്നും ഗവര്‍ണര്‍ക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും എന്താണെന്ന് നമുക്കറിയില്ലല്ലോ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ചട്ട പ്രകാരം നയപ്രഖ്യാപനം ആദ്യവും അവസാനവും വായിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നയപ്രഖ്യാപന പ്രസംഗം പൂര്‍ണ്ണമായും ഗവര്‍ണര്‍ വായിച്ചിരുന്നില്ല. പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രമാണ് ഗവര്‍ണര്‍ വായിച്ചത്. കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശനമാണ് നയപ്രഖ്യാപന പ്രസംഗത്തിലുള്ളത്. ഈ ഭാഗമെല്ലാം ഗവര്‍ണര്‍ പൂര്‍ണ്ണമായി ഒഴിവാക്കുകയായിരുന്നു. അഭിസംബോധനക്ക് പിന്നാലെ അവസാന ഖണ്ഡിക മാത്രമാണ് വായിക്കുന്നത് എന്ന് പറഞ്ഞാണ് ഗവര്‍ണര്‍ പ്രസംഗം തുടങ്ങിയത്. ഒരു മിനിറ്റും 17 സെക്കന്റും മാത്രം പ്രസംഗം വായിച്ച് ഗവര്‍ണര്‍ സഭയില്‍ നിന്ന് മടങ്ങുകയും ചെയ്തു.
രാവിലെ ഒന്‍പതുമണിക്ക് സഭയിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ എന്‍ ഷംസീറും ചേര്‍ന്നാണ് സ്വീകരിച്ചത്. സ്വീകരണ സമയത്ത് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈ കൊടുത്തില്ല. മുഖ്യമന്ത്രി നല്‍കിയ പൂച്ചെണ്ട് തിടുക്കത്തില്‍ സഹായിക്ക് നല്‍കി ആരെയും ശ്രദ്ധിക്കാതെ തിടുക്കത്തില്‍ ഗവര്‍ണര്‍ സഭയ്ക്കുള്ളിലേക്ക് നടക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കുകയോ, ചിരിക്കുകയോ ചെയ്യാതെയാണ് ഗവര്‍ണര്‍ സഭയ്ക്കുള്ളിലേക്ക് കടന്നത്.