തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർഥി ജെ എസ് സിദ്ധാർഥന്‍റെ മരണം സി ബി ഐ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നേരിൽ കണ്ടതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേസന്വേഷണം സി ബി ഐക്ക് വിട്ട് ഉത്തരവിറക്കിയത്.
സി ബി ഐക്ക് വിട്ട തീരുമാനം സ്വാഗതം ചെയ്ത കുടുംബം നീതി കിട്ടുമെന്ന പ്രതീക്ഷയും പങ്കുവച്ചു. തീരുമാനം ആശ്വാസമാണെന്നും നന്ദിയുണ്ടെന്നും സിദ്ധാർഥന്‍റെ അച്ഛൻ ജയപ്രകാശ് പ്രതികരിച്ചു. സി ബി ഐ അന്വേഷണം സ്വാഗതം ചെയ്ത് പ്രതിപക്ഷവും രംഗത്തെത്തി. പ്രതിപക്ഷ സമരത്തിന്‍റെ വിജയമാണ് സി ബി ഐ അന്വേഷണത്തിനുള്ള ഉത്തരവെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വാർത്താക്കുറിപ്പ് പൂർണരൂപത്തിൽ
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥിന്റെ ദൗർഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തിൽ ആഴ്ത്തിയതാണ്. സിദ്ധാർത്ഥിൻ്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. പോലീസ് അന്വേഷണം നടന്നു വരികയാണ്. കുറ്റമറ്റതും നീതിപൂർവ്വകവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും കുടുംബം ഈ കേസ് സി ബി ഐക്ക് വിടണം എന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതു സംബന്ധിച്ച നിവേദനം സിദ്ധാർത്ഥിന്റെ മാതാവ് മുഖ്യ മന്ത്രിക്ക് നൽകിയിട്ടുണ്ട്. കുടുംബത്തിൻ്റെ വികാരം മാനിച്ച് കേസ് അന്വേഷണം സി ബി ഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാർത്ഥിന്റെ കുടുംബത്തെ അറിയിച്ചു.
cm pinarayi vijayan order to cbi probe in siddharth death case