
കോഴിക്കോട്: പി ജയരാജന്‍ രചിച്ച ‘കേരളം മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി. പുസ്തകത്തിലെ ചില നിലപാടുകള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമാണെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം നിർവഹിച്ചത്. രചയിതാവിന്റെ അഭിപ്രായം തന്നെ പ്രകാശനം ചെയ്യുന്നയാള്‍ക്കും ഉണ്ടാകണമെന്നില്ല. പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രതിഫലിക്കുന്ന കാര്യങ്ങളോട് യോജിപ്പുണ്ട്. എന്നാല്‍ ജയരാജന്റെ വ്യക്തിപരമായ നിലപാടുകളോട് യോജിക്കണമെന്നില്ലെന്ന് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. മദനിക്കെതിരായ പുസ്തകത്തിലെ വിമര്‍ശനങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിൽ ആണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
പി ജയരാജന്റെ പുസ്തകം വിശദമായി വായിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘പുസ്തകം പ്രകാശിപ്പിക്കുന്നതുകൊണ്ട് ഇതിലെ എല്ലാ പരാമര്‍ശങ്ങളും അതേപോലെ ഞാന്‍ പങ്കുവെക്കുന്നുവെന്ന് അര്‍ഥമില്ല. ഓരോ പുസ്‌കത്തിന്റെ രചയിതാവിനും ഓരോ കാര്യത്തെക്കുറിച്ചും അദ്ദേഹത്തിന്റെതായ അഭിപ്രായം ഉണ്ടാകും. ആ ആഭിപ്രായം ഉള്ളവരെ പുസ്തകം പ്രകാശനം ചെയ്യാവൂ എന്ന നിര്‍ബന്ധം ഉണ്ടാവാറില്ല. വ്യത്യസ്ത അഭിപ്രായങ്ങള്‍ക്ക് പെതുമണ്ഡലത്തില്‍ വേണ്ടത്ര ഇടമുണ്ട്. അത് സ്വാഗതം ചെയ്യേണ്ടതുമാണ്.
ഞങ്ങള്‍ ഇരുവരും ഒരേ പ്രസ്ഥാനത്തില്‍പ്പെട്ടവരാണ്. അതുകൊണ്ട് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രതിഫലിപ്പിക്കുന്ന ഒട്ടേറകാര്യങ്ങള്‍ ഇതിലുണ്ടാകും. അതിനൊടെക്കെ യോജിപ്പ് ഉണ്ടാകും. എന്നാല്‍ ജയരാജന്റെ വ്യക്തിപരമായ വിലയിരുത്തലുകള്‍ ഉണ്ടാകുമ്പോള്‍ സ്വാഭാവികമായും അത് വ്യത്യസ്ത വീക്ഷണമായിട്ടാണ് മാറുക. അങ്ങനെ അതിനെ കണ്ടാല്‍മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഇപി ജയരാജന്‍ അധ്യക്ഷത വഹിച്ചു. പാലോളി മുഹമ്മദ് കുട്ടിക്ക് നല്‍കിയാണ് മുഖ്യമന്ത്രി പുസ്തകപ്രകാശനം നിര്‍വഹിച്ചത്. കെടി ജലീല്‍ പുസ്തകം പരിചയപ്പെടുത്തി.