‘യോജിപ്പും വിയോജിപ്പും തുറന്നു പറഞ്ഞവരായിരുന്നു ഞങ്ങൾ’; ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: രാഷ്ട്രീയമായി ഇരു ചേരികളിലായിരുന്നെങ്കിലും ഉമ്മൻ ചാണ്ടിയുമായുള്ള സൗഹൃദത്തിന് ഒരു കോട്ടവും ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ‘ഓർമയിൽ ഉമ്മൻ ചാണ്ടി’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മ്മൻ ചാണ്ടിയോട് പല കാര്യങ്ങളിലും തനിക്ക് യോജിപ്പുണ്ടായിരുന്നു. ചിലതിൽ വിയോജിപ്പും. അദ്ദേഹത്തിനും അങ്ങനെ തന്നെയായിരുന്നു. യോജിപ്പും വിയോജിപ്പും തുറന്നു പറഞ്ഞവരായിരുന്നു തങ്ങൾ എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

എന്നാൽ ഇപ്പോൾ വിയോജിപ്പിനെ അടിച്ചമർത്താൻ ശ്രമിക്കുകയാണ് ചിലർ. രാഷ്ട്രീയമായി ഇരു ചേരികളിൽ നിൽക്കുമ്പോഴും തങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് ഒരു കോട്ടവും ഉണ്ടായില്ല. മുഖ്യമന്ത്രിയായി തന്നെ തീരുമാനിച്ചപ്പോൾ താനാദ്യം കണ്ടത് ഉമ്മൻചാണ്ടിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

അവിശ്രമം എന്ന പദത്തിന് എല്ലാ അർഥത്തിലും പര്യായമായി മാറിയ ജീവിതമായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. പ്രളയകാലത്ത് രാഷ്ട്രീയം മറന്ന് ഒന്നിച്ചു. രോഗാതുരമായ കാലത്തെ കുറിച്ച് ചെറിയ വിവരണമേ ആത്മകഥയിൽ പോലും പറഞ്ഞിട്ടുള്ളൂ. അതികഠിന രോഗാവസ്ഥയിലും പ്രസന്നതയോടെ മാത്രം സംസാരിച്ചു. അതിജീവനത്തിന്റെ മികച്ച മാതൃക കൂടിയാണ് ഉമ്മൻ ചാണ്ടി. വിമർശിക്കുന്നവരും തളർത്തുന്നവരും ഉണ്ടാകും. പക്ഷേ അതിലൊന്നും വീഴാതെ ലക്ഷ്യത്തിലേക്ക് നടന്നടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതുപ്പള്ളിക്കാരനായിരുന്നെങ്കിലും ഉമ്മൻചാണ്ടിക്ക് തിരുവനന്തപുരവുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്നു. പകുതിയിലധികം ജീവിതകാലവും ഉമ്മൻ ചാണ്ടി ചെലവഴിച്ചത് തിരുവനന്തപുരത്താണ്. മുഖ്യമന്ത്രിയായി തന്നെ എൽഡിഎഫ് തീരുമാനിച്ചപ്പോൾ ആദ്യം കണ്ടത് ഉമ്മൻ ചാണ്ടിയെയാണ്. ഓരോ മേഖലയും ഓരോ തരത്തിലുള്ള നേതൃഗുണമാണ് ആവശ്യപ്പെടുന്നത്. ജനങ്ങളെ സ്പർശിക്കുന്ന വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നവർക്ക് മാത്രമേ പൊതു പ്രവർത്തനത്തിൽ മികവുണ്ടാക്കാനാകൂ. ഇതിനു നല്ല ഉദാഹരണമായിരുന്നു ഉമ്മൻ ചാണ്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

More Stories from this section

family-dental
witywide