ആമയിഴഞ്ചാൻ തോട്ടിലെ കണ്ണീർ: ജോയിയുടെ മരണം ഏറെ ദുഃഖകരമെന്ന് മുഖ്യമന്ത്രി; ‘മനുഷ്യസാധ്യമായതെല്ലാം ചെയ്തു’

തിരുവനന്തപുരം: ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ജോയിയുടെ മരണവാർത്തയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഏറെ ദുഃഖകരമായ സംഭവമാണെന്നും ജോയിയുടെ ദാരുണമായ മരണത്തിൽ അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബാം​ഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ജോയിയുടെ മരണവാർത്ത ഏറെ ദുഃഖകരമാണ്. ശനിയാഴ്ച കാണാതായ ജോയിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് തകരപ്പറമ്പ് – വഞ്ചിയൂർ ഭാ​ഗത്തു നിന്ന് കണ്ടെത്തിയത്. ജോയിയുടെ ദാരുണമായ മരണത്തിൽ അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. കുടുംബാം​ഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ജോയിയെ കണ്ടെത്താൻ 46 മണിക്കൂർ നീണ്ട തുടർച്ചയായ രക്ഷാപ്രവർത്തനമാണ് നടന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടായിരുന്നു രക്ഷാപ്രവർത്തനം. എല്ലാ സർക്കാർ സംവിധാനങ്ങളും ഏകോപിതമായി പ്രവർത്തനം ഏറ്റെടുക്കുകയും മനുഷ്യസാധ്യമായ എല്ലാ നടപടികളും ഉറപ്പാക്കുകയും ചെയ്തു. ജെൻ റോബോട്ടിക്‌സ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ സഹായവും ഉറപ്പാക്കി. അതിസങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തില്‍ അഗ്നിരക്ഷാസേന, അവരുടെ സ്കൂബാ ഡൈവിങ് സംഘം, ദേശീയ ദുരന്തനിവാരണ സേന, പോലീസ്, നാവികസേനയുടെ വിദഗ്ധസംഘം, ശുചീകരണ തൊഴിലാളികള്‍ ഉൾപ്പെടെയുള്ളവർ കൈ മെയ് മറന്ന് പ്രവർത്തിച്ചു. അവരെയാകെ നാടിനുവേണ്ടിയുള്ള നന്ദി അറിയിക്കുന്നു.

More Stories from this section

family-dental
witywide