‘ഈരാറ്റുപേട്ടയില്‍ കാട്ടിയത് തെമ്മാടിത്തം, ഫാദറിന് നേരെ വണ്ടികയറ്റുകയായിരുന്നു’; മുഖ്യമന്ത്രി

തിരുവനന്തപുരം: ഈരാറ്റുപേട്ടയില്‍ പള്ളിയിലെ സഹവികാരിയെ ആക്രമിച്ച സംഭവം തെമ്മാടിത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലിംവിഭാഗത്തെ മാത്രം പ്രതി ചേര്‍ത്തെന്ന ഹുസൈന്‍ മടവൂരിന്റെ ആരോപണത്തിലാണ് മറുപടി. ന്യൂനപക്ഷവിഭാഗങ്ങളുമായുള്ള മുഖാമുഖത്തിന്റെ ആദ്യഘട്ടത്തില്‍ മുസ്ലിം വിഭാഗവുമായുള്ള ആശയവിനിമയത്തിനിടെയാണ്‌ മുഖ്യമന്ത്രിയുടെ പ്രതികരണം.

‘എന്തു തെമ്മാടിത്തമാണ് യഥാർത്ഥത്തിൽ അവിടെ കാട്ടിയത്.ആ ഫാദറിന് നേരെ വണ്ടി കയറ്റുകയായിരുന്നു.അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ചെറുപ്പക്കാരുടെ സെറ്റെന്നു പറയുമ്പോൾ എല്ലാവരും ഉണ്ടാകും എന്നല്ലേ നമ്മൾ കരുതുന്നത്? എന്നാൽ അതിൽ മുസ്ലിം വിഭാഗക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു വിഭാഗത്തെ മാത്രം തിരഞ്ഞു പിടിച്ചതല്ല’ മുഖ്യമന്ത്രി വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഫെബ്രുവരി 23 ന് കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടക്കടുത്ത പൂഞ്ഞാര്‍ സെന്റ് മേരിസ് ഫൊറാന പള്ളിയിലായിരുന്നു സംഭവം. പള്ളിമുറ്റത്ത് ബൈക്ക് റേസിങ് നടത്തിയപ്പോൾ ശബ്ദംമൂലം ആരാധന തടസപ്പെട്ടു.തുടര്‍ന്ന് ചോദിക്കാന്‍ പുറത്തിറങ്ങിയ അസിസ്റ്റന്റ് വികാരി ഫാ. തോമസ് ആറ്റുച്ചാലിനെ പള്ളിമുറ്റത്ത് ഒരുകൂട്ടം യുവാക്കള്‍ ബൈക്കിടിച്ച് വീഴ്ത്തിയതാണ് സംഭവം. അറസ്റ്റിലായവർ എല്ലാം ഒരു മതത്തിൽ പെട്ടവർ ആയിരുന്നു എന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം.

പൂഞ്ഞാർ സെയ്ന്റ് മേരിസ് ഫൊറോനാ പള്ളി സഹവികാരി ഫാ. ജോസഫ് ആറ്റുച്ചാലിനെ വാഹനം ഇടിപ്പിച്ച കേസിൽ 27 പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ മതവിദ്വേഷം പ്രചരിപ്പിച്ച രണ്ടുപേർക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. അറസ്റ്റിലായ 27 പേരിൽ 10 പേർ പ്രായപൂർത്തിയാകാത്തവരായിരുന്നു.

More Stories from this section

family-dental
witywide