കോഴിക്കോട്: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമത്തിനെതിരെ രാജ്യം പ്രക്ഷോഭത്തിനിറങ്ങിയ ഘട്ടത്തിൽ കോൺഗ്രസ് എംപിമാർ പ്രമുഖ നേതാവിന്റെ വീട്ടിൽ വിരുന്നുണ്ണുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ഫ്രീഡം സ്ക്വയറിൽ പൗരത്വ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“അവരുടെ ദേശീയ നേതാവ് വിദേശത്തായിരുന്നു. ഡൽഹിയിലെ പ്രക്ഷോഭത്തിൽ പ്രമുഖ സിപിഎം നേതാക്കൾ ഉൾപ്പെടെ അറസ്റ്റ് ചെയ്യപ്പെട്ടു. ലോക്‌സഭയിൽ കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളിൽ എ.എം.ആരിഫിന്റെ ശബ്ദം മാത്രമേ ഉയർന്നുള്ളൂ. മറ്റുള്ളവർ മൂലയിൽ പോയി ഒളിക്കുകയായിരുന്നു. രാജ്യസഭയിൽ അതിശക്തമായ പ്രതിഷേധം ഉയർന്നു. എളമരം കരീമും ബിനോയ് വിശ്വവും കെ.കെ.രാഗേഷുമെല്ലാം ബില്ലിനെ എതിർത്തു. എന്നാൽ ആ ഘട്ടത്തിലൊന്നും കോൺഗ്രസുകാരുടെ ശബ്ദം ഉയർന്നില്ല.”
വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം കൊണ്ടു നടക്കുന്നവരാണ് സംഘപരിവാർ എന്ന് മുഖ്യമന്ത്രി വിമർശിച്ചു. മൗലികാവകാശം ഹനിക്കുന്ന നിയമം കൊണ്ടുവരാൻ സർക്കാരിന് അധികാരമില്ല. നിയമത്തിന് മുന്നിൽ തുല്യത ഭരണഘടന ഉറപ്പ് നൽകുന്നതാണ്. ഭരണഘടന പൗരന് മാത്രമല്ല എല്ലാ വ്യക്തികൾക്കും ആണ് പരിരക്ഷ ഉറപ്പ് നൽകിയത്. മതപരമായ വിവേചനം ഭരണഘടന അംഗീകരിക്കുന്നില്ല. കുടിയേറിയവരെ മുസ്ലീങ്ങൾ എന്നും അമുസ്ലിം എന്നും വിഭജിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. മതപരമായ വിവേചനത്തെ നിയമപരമാക്കാനുള്ള സംഘപരിവാറിന്റെ അജണ്ടയാണ് സിഎഎ. ഭരണഘടനയുടെ അടിത്തറ തോണ്ടുന്ന ഒന്നാണ് സിഎഎ. ഇതും എൻആര്‍സിയുമൊന്നും കേരളത്തിൽ നടപ്പാക്കില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ഇതിൽ സര്‍ക്കാര്‍ എല്ലാവരെയും ഒന്നിച്ചു ചേര്‍ത്താണ് നിലപാടെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.